കാസർകോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇത്രയും വർഷമായി കേരളത്തിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിട്ട് ഒരിടത്തു പോലും വിജയിക്കാൻ കഴിയാത്ത സുരേന്ദ്രന് കോൺഗ്രസിനോട് കടുത്ത അസൂയയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിയുടെ നേതാവിനോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ബിജെപിക്കാർ മറുപടി അർഹിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ.
സുരേഷ് ഗോപിയുടെ വിജയം വ്യക്തി പ്രഭാവത്താലാണ്. അത് ബിജെപിയുടെ വിജയമല്ല. കെ മുരളീധരൻ ഒരിക്കലും കോൺഗ്രസ് വിട്ടു പോകില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കൂടുതൽ കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതാക്കൾ ബിജെപിയിലേക്ക് പോവുമെന്നും കെ മുരളീധരൻ ഇനി ജയിക്കണമെങ്കിൽ ബിജെപിയിലേക്ക് വരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ പ്രസ്‌താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മറുപടിയുമായി രംഗത്തെത്തിയത്.
ജോസ് കെ മാണിക്ക് തെറ്റു പറ്റി. ജോസ് കെ മാണി പുനർ വിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസ് കെ മാണിക്ക് മാർക്‌സിസ്റ്റ് പാർട്ടിയുടെ പിറകെ നടന്ന് തെണ്ടേണ്ട സ്ഥിതിയാണ്. തൻ്റെ പിതാവിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവരോടൊപ്പം കൂട്ടുകൂടിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി പോയി. ഇനി മൂന്ന് പേരുടെ ഗ്യാരൻ്റിയാണ്. നിധീഷ് കുമാറും ചന്ദ്രബാബു നായിഡുവും കഴുത്തിൽ ചരടിട്ട് വലിക്കുമ്പോൾ ആടി കളിക്കുന്ന കൊച്ചു രാമനായി മോദി മാറി. ഈ സർക്കാരിന് ഒരു വർഷത്തെ ആയുസ് മാത്രമാണ് ഉള്ളത്. ഒരു വർഷം കഴിഞ്ഞാൽ രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ തോൽപിക്കാൻ ഇടതുപക്ഷവും ബിജെപിയും ഒരുമിച്ച് പ്രവർത്തിച്ചു. കേരളത്തിൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും അദ്ദേഹം ആരോപിച്ചു. പദ്‌മജ വേണുഗോപാലിനെയും ഉണ്ണിത്താൻ വിമർശിച്ചു. പുത്തൻ അച്ചി പുരപ്പുറം തൂക്കും. ബിജെപിയുടെ വിശ്വാസം നേടാൻ വേണ്ടി പുരപ്പുറം തൂക്കുകയാണ് പദ്‌മജയെന്നും ഉണ്ണിത്താൻ പറഞ്ഞു.
Also Read: 'കെപിസിസി അധ്യക്ഷ പദവിയടക്കം പരിഗണനയിൽ'; മുരളീധരനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരന്‍