തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും, മണ്ഡലത്തിലെ സിറ്റിങ് എംപിയുമായ ശശി തരൂരിനെതിരെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ വക്കീൽ നോട്ടീസ്. ക്രൈസ്‌തവര്‍ക്ക് പണം നല്‍കി വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ശശി തരൂരിന്‍റെ ആരോപണത്തിന് എതിരെയാണ് നോട്ടീസ് നല്‍കിയത്.
ശശി തരൂർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ നടത്തുന്ന പ്രവൃത്തിയാണ് ഇതെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്‌താവന പിൻവലിച്ച് തരൂർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു പ്രമുഖ മലയാള വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍ ആരോപണം ഉന്നയിച്ചതെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വക്കീൽ നോട്ടീസില്‍ പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും രാജീവ് ചന്ദ്രശേഖര്‍ സമീപിച്ചിരുന്നു. വസ്‌തുതകള്‍ ജനങ്ങളെ ബോധിപ്പിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഈ മാസം 6 നായിരുന്നു തരൂരിന്‍റെ പരാമര്‍ശം. എന്നാല്‍ പരാതി നല്‍കി ഇത്രയും സമയമായിട്ടും ശശി തരൂര്‍ സംഭവത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിയമ നടപടികള്‍ കടുപ്പിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്‌താവനയിലൂടെ പറഞ്ഞു.