ഇടുക്കി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ താൻ പിന്തുണച്ചെന്ന തരത്തില്‍പ്രചരിച്ച വാര്‍ത്ത വ്യാജമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് രാജാ മാട്ടുകാരന്‍. ഇംഗ്ലീഷ് ദിനപത്രത്തിലാണ്, സുരേഷ് ഗോപിയെ രാജാ മാട്ടുകാരന്‍ പിന്തുണച്ചെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും രാജാ മാട്ടുകാരന്‍.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ചെന്ന തരത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുല്ലപ്പെരിയാര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റായ രാജാ മാട്ടുകാരന്‍ കേന്ദ്രമന്ത്രിയ്ക്ക് പിന്തുണ അറിയച്ചതായാണ് വാര്‍ത്ത വിശദമാക്കുന്നത്. ഇതോടൊപ്പം തന്‍റെ നേതൃത്വത്തില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുമെന്നും വാര്‍ത്തയില്‍ സൂചിപ്പിയ്ക്കുന്നു.
എന്നാല്‍, തനിയ്ക്ക് മുല്ലപ്പെരിയാര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുമായി ബന്ധമില്ലെന്നും കര്‍ഷകരെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്നും ഒരു സാഹചര്യത്തിലും സുരേഷ് ഗോപിയെ പിന്തുണച്ചിട്ടില്ലെന്നും രാജാ പ്രതികരിച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത സൃഷ്‌ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സംഭവവുമായി ബന്ധപെട്ട്, വണ്ടന്‍മേട് പൊലീസില്‍ രാജാ മാട്ടുകാരന്‍ പരാതിയും നല്‍കിയിട്ടുണ്ട്.