തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഓഗസ്റ്റ് 20) ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ-തെക്കന്‍ മലയോര മേഖലയിലാണ് മഴ ശക്തിപ്രാപിക്കുക. വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളില്‍ ശക്തമായ ചക്രവാതച്ചുഴിയും തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ കേരളത്തിന് മുകളിലൂടെ ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ ശക്തിപ്രാപിക്കുക.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്.
രണ്ട് ദിവസം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തില്‍ കേരള കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നാളെ (ഓഗസ്റ്റ് 21) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
Also Read: മുന്നറിയിപ്പിൽ മാറ്റം; കനത്ത മഴ വരുന്നു, നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലർട്ട്