കാസർകോട്: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിക്കാനൊരുങ്ങുന്നതായി സൂചന. മംഗളൂരു റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം.
ഇന്ന് മംഗളൂരുവിൽ നടക്കുന്ന റെയില്‍വേ ഉന്നതതല യോഗത്തില്‍ മംഗളൂരു ഡിവിഷൻ അജണ്ടയായി ഉണ്ടാകുമെന്ന് പറയപ്പെടുന്നു. കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർമാർ, ഡിവിഷൻ മാനേജർമാർ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ ഒരു നീക്കവുമില്ലെന്ന് റെയില്‍വെ ഉന്നതർ അറിയിച്ചിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്‌ദുറഹിമാൻ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു.
ഗോവ മുതൽ മംഗളൂരു വരെ
പാലക്കാട് വിഭജിച്ചാല്‍ ഗോവ മുതൽ മംഗളൂരു വരെയാണ് മംഗളൂരു ഡിവിഷന്‍റെ കീഴിൽ വരുക. ഇതോടെ ഏറ്റവും വരുമാനമുള്ള പനമ്പൂർ തുറമുഖം, മംഗളുരു സെൻട്രൽ ജംഗ്ഷൻ സ്‌റ്റേഷനുകൾ ഈ ഡിവിഷന് കീഴിൽ ആകും.
പാലക്കാട് ഡിവിഷനെ എങ്ങനെ ബാധിക്കും
മംഗളുരു ഡിവിഷൻ വന്നാൽ പാലക്കാട് ഡിവിഷനെ കാര്യമായി തന്നെ ബാധിക്കും. വരുമാനത്തിൽ മുന്നിലുള്ള പാലക്കാട് ഡിവിഷൻ ഏറെ പിന്നോട്ട് പോകും. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പനമ്പൂർ തുറമുഖം പാലക്കാട് ഡിവിഷനിൽ ആണ്. ഇവിടെ നിന്നുള്ള ചരക്കു വരുമാനം ഇല്ലാതായാൽ പാലക്കാട് ഡിവിഷനെ സാരമായി തന്നെ ബാധിക്കും. ഈ തുറമുഖം മാത്രമല്ല മറ്റു ഒട്ടേറെ നഷ്‌ടങ്ങൾ പാലക്കാടിന് ഉണ്ടാകും. കൂടാതെ വരുമാനം കുറവുള്ള പല സ്‌റ്റേഷനുകളും ഇല്ലാതാകുന്ന അവസ്ഥ പോലും വരും. റെയിൽവേയുടേ പല ആനൂകൂല്യങ്ങളും നഷ്‌ടപെടുന്ന സ്ഥിതിവിശേഷവും ഉണ്ടാകും.