തിരുവനന്തപുരം: വന്ദേ ഭാരതിന് കടന്ന് പോകാന്‍ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വഴിയില്‍ പിടിച്ചിടുന്നുവെന്ന യാത്രക്കാരുടെ ആരോപണം നിഷേധിച്ച് റെയില്‍വേ. ഇന്ന് (സെപ്‌റ്റംബർ 23) അത്തരത്തില്‍ പിറവത്ത് വേണാട് എക്പ്രസ് ഏറെ നേരം പിടിച്ചിടുകയും തിക്കിലും തിരക്കിലും യാത്രക്കാര്‍ കുഴഞ്ഞു വീണതായുമുള്ള പരാതികള്‍ വസ്‌തുതാപരമല്ലെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.
സ്ഥിരം യാത്രക്കാരുമായി യാത്ര ചെയ്യുന്ന ട്രെയിന്‍ എന്ന നിലയില്‍ സമയ കൃത്യത കൃത്യമായി റെയില്‍വേ വിലയിരുത്താറുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്‍എച്ച്ബി കോച്ചുകളിലേക്ക് ഈ ട്രെയിന്‍ വളരെ നാളുകള്‍ക്ക് മുമ്പേ മാറിക്കഴിഞ്ഞു.
ഓണത്തിരക്ക് കണക്കിലെടുത്ത് ട്രെയിന്‍ അതിന്‍റെ മുഴുവന്‍ കോച്ച് ശേഷിക്കുസരിച്ചുള്ള 22 കോച്ചുകളുമായാണ് യാത്ര നടത്തുന്നത്. സെപ്‌റ്റംബര്‍ 19 മുതല്‍ ഇതോടൊപ്പം ഒരു ജനറല്‍ കോച്ച് കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോഴും യാത്ര നടത്തുന്നത്.
ഇന്ന് പാലരുവി എക്‌സ്പ്രസ് രാവിലെ 7.53നാണ് പിറവം സ്‌റ്റേഷന്‍ കടന്ന് പോയത്. വന്ദേ ഭാരത് എക്‌സ്പ്രസ് ആകട്ടെ 8 മണിക്കാണ് പിറവം കടന്നു പോയത്. അതേസമയം വേണാട് എക്‌സ്പ്രസ് അതിന്‍റെ പിറവം റോഡിലെ ഒരു മിനിറ്റ് സ്‌റ്റോപ്പ് സമയത്തിന് ശേഷം രാവിലെ 9.32നാണ് പിറവത്ത് നിന്ന് യാത്ര പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ പാലരുവി എക്‌സ്പ്രസിനും വന്ദേ ഭാരത് എക്‌സ്പ്രസിനും വേണ്ടി വേണാട് പിറവത്ത് പിടിച്ചിട്ടു എന്ന മാധ്യമ വാര്‍ത്തകള്‍ വസ്‌തുത വിരുദ്ധമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ വൈദ്യ സഹായം ആവശ്യമായി വന്നാല്‍ അത് നല്‍കുന്നതിന് സ്‌റ്റേഷനുകളില്‍ വൈദ്യ സഹായം സജ്ജമാക്കിയിട്ടുണ്ട്. തീവണ്ടികള്‍ക്കുള്ളിലും ഡോക്‌ടര്‍മാരുടെ സഹായം ലഭ്യമാണ്. ഇത്തരത്തില്‍ അസുഖം അനുഭവപ്പെട്ട ഒരു വനിത യാത്രക്കാരിക്ക് തിരുവല്ല സ്‌റ്റേഷനില്‍ വച്ച് ഇന്ന് വൈദ്യ സഹായം നല്‍കിയിരുന്നു.
പിറവം, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്‌റ്റേഷനുകളില്‍ ഒരിടത്ത് വച്ചു പോലും ഒരു യാത്രക്കാരനും കുഴഞ്ഞു വീഴുന്ന സാഹചര്യം ഇന്നുണ്ടായിട്ടില്ല. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സുഖകരമായ യാത്ര എന്നിവയ്ക്കാണ് റെയില്‍വേ മുന്‍ തൂക്കം നല്‍കുന്നതെന്നും മറിച്ചുളള വാര്‍ത്തകളില്‍ നിന്ന് വാര്‍ത്താ മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
അതേസമയം ഓണ അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്ന ദിവസം കൂടിയായതിനാല്‍ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് ഇന്നനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ട്രെയിനില്‍ നല്ല തിരക്കായിരുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഇതിന് റെയിൽവേ ഉടനടി പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Also Read: ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം; തമ്മിലടിച്ച് വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാര്‍, വീഡിയോ