കോട്ടയം : നീലിമംഗലത്ത് റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യുവാണ് (48) മരിച്ചത്. കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്ന് (ഏപ്രില്‍ 5) വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. കായംകുളം എറണാകുളം മെമു ട്രെയിനാണ് വിജുവിനെ ഇടിച്ചത്.
റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇയർ ബാലൻസിങ് പ്രശ്‌നമുള്ള വിജു ട്രാക്കിലേക്ക് കുഴഞ്ഞ് വീണതാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കോട്ടയം റെയിൽവേ പൊലീസും ഗാന്ധിനഗർ പൊലീസും ചേര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കോട്ടയത്ത് റെയിൽവേ ക്വാർട്ടേഴ്‌സിലാണ് വിജു താമസിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
Also Read : ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തിരുവനന്തപുരത്ത് - Another Attack On TTE