കണ്ണൂർ: പ്ലാറ്റ്‌ഫോമിൽ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർ ജാഗ്രതൈ...!അപകടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിന്‍ നിർത്തുക ഒരു മിനിറ്റ് നേരം മാത്രമാണ്. ഇതറിയാതെ ഇറങ്ങി ചാടി കയറിയാൽ അപകടം ഉറപ്പാണ്.
കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവം ഇങ്ങനെ. കണ്ണൂർ ഇരിട്ടി സ്വദേശിയായ 19 കാരി രാവിലെ എട്ട് മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതുച്ചേരി ബെംഗളൂരു പ്രതിവാര വണ്ടിയിൽ തലശ്ശേരിയിൽ നിന്ന് മംഗളൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വണ്ടി കണ്ണൂരിലെത്തിയപ്പോൾ ബിസ്ക്കറ്റും മറ്റും വാങ്ങാൻ പുറത്തിറങ്ങി. സാധനം വാങ്ങുന്നതിനിടെ വണ്ടി വിട്ടു. സാധനം കടയിൽ വച്ച് ഓടി കയറാൻ ശ്രമിക്കവേ ട്രാക്കിലേക്ക് വീണു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കാരും റെയിൽവേ പൊലീസും കേറ്ററിങ് തൊഴിലാളികളും വിളിച്ചുപറഞ്ഞ് വണ്ടി നിർത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി പിന്നീട് മറ്റൊരു വണ്ടിയിൽ ബെംഗളൂരുവിലേക്ക് യാത്ര തുടർന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ നിർത്താൻ അനുവദിച്ച സമയം മൂന്ന് മിനിറ്റാണ് അത് അറിയാതെയാണ് പല യാത്രക്കാരും വെള്ളം വാങ്ങാനും മറ്റും ഇറങ്ങി പിന്നീട് ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന കണക്കുകൾ: അടുത്ത കാലത്തായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നിരവധി രക്ഷപ്പെടുത്തലുകൾ കണ്ടതോടെയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഇതിന്‍റെ കണക്കുതേടി പോയത്. റെയിൽവേ പൊലീസിന്‍റെ കണക്കുപ്രകാരം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ഡിവിഷന്‍റെ 2024 ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം തീവണ്ടിയിൽ നിന്ന് വീണു മരിച്ചത് 28 പേരാണ്. 55 പേർക്ക് പരിക്കേറ്റു.
2023 ൽ 114 അപകടങ്ങൾ നടന്നു. 35 പേർ മരിച്ചു. ട്രെയിന്‍ യാത്രയിലെ വാതിൽ പടി യാത്രകളിലൂടെയുള്ള അപകടങ്ങൾ വേറെയും. തീവണ്ടിയുടെ കനമുള്ള വാതിൽ സുരക്ഷയെക്കാൾ അപകടകാരിയാണ് എന്നതാണ് മറ്റൊന്ന്. ഉരുക്കിൽ നിർമ്മിച്ച വാതിലിന് 85 കിലോ തൂക്കം ഉണ്ട്. പുതിയ ലിങ്ക് ഹോഫ്‌മാൻ ബോഷ് കോച്ചുകളിലെ വാതിലുകൾക്ക് ഭാരം 65 കിലോ ആണ്. എന്നാൽ തീവണ്ടിയുടെ വേഗം വച്ച് വാതിൽ അടഞ്ഞാലും തെറിച്ചു വീഴും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അശ്രദ്ധമൂലം അപകടത്തിൽ പെടുന്നവർ നിരവധിയാണ്. ഓടുന്ന തീവണ്ടിയിൽ കയറുന്നതിനൊപ്പം വാതിൽ പടിയിൽ നിൽക്കുന്നതും ഇരിക്കുന്നതും അപകടകരമാണ് കുറ്റകരവും ആണ്. വാതിൽക്കൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിൽ കാലടിച്ച് പരിക്കേറ്റവർ നിരവധിയാണ്. 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ഇതിനുള്ള ശിക്ഷ. വാതിൽ തുറന്നിട്ടുണ്ടെങ്കിൽ വാഷ്ബേസിനടുത്ത് നിൽക്കരുത്. കഴുകുമ്പോഴോ മറ്റ് കമ്പാർട്ട്മെന്‍റിലേക്ക് പോകുമ്പോഴോ പുറത്തേക്ക് വലിച്ചെറിയപ്പെടാൻ സാധ്യത യേറെയാണ്. ശൗചാലയത്തിലേക്ക് പോകുമ്പോൾ കുട്ടികളെ അശ്രദ്ധമായി വിടാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.