തിരുവനന്തപുരം: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച പത്മജാ വേണുഗോപാലിനെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നടപടി ശരിയായില്ലെന്ന് കെപിസിസി നേതൃ യോഗത്തിൽ വിമർശനം. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്ന് ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു.
ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും രാഹുലിൻ്റെ ഭാഷയിൽ അഹങ്കാരത്തിൻ്റെ സ്വരമെന്നും വിമര്‍ശിച്ചു. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ലെന്നും പക്ഷേ ഒരു സ്ത്രീയെ മോശം വാക്കുകളിൽ അധിക്ഷേപിച്ചത് ശരിയായില്ല എന്നും ശൂരനാട് പറഞ്ഞു.
അതേ സമയം ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്ന് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇനി വിവാദങ്ങൾ വേണ്ടെന്നും യോഗത്തിൽ പറഞ്ഞു.
പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരാമർശം. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്ന പരാമർശം വിവാദം സൃഷ്‌ടിച്ചിരുന്നു.
ഡയറ്റിന് വേണ്ടി പട്ടിണി കിടന്നതല്ലാതെ നിരാഹാര സമരം കിടന്നിട്ടില്ല, ഒരു വനിത പ്രവർത്തകയ്ക്ക് വേണ്ടി പോലും ശബ്‌ദമുയര്‍ത്താത്ത ആളാണ്. പത്മജയെ പോലുള്ള ആളുകൾ പോകുമ്പോൾ നേതൃത്വം കൂടി പാഠം പഠിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഏറ്റവും ഒടുവിലെ രാഷ്ട്രീയകാര്യ സമിതിയിൽ പോലും പത്മജ അംഗമായിരുന്നു.
ജീവിതത്തിൽ ക്ലേശം ഇല്ലാത്ത ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അവർക്ക് പാർട്ടി വിടാൻ പ്രത്യേകിച്ച് സമയം ഒന്നും വേണ്ട എന്ന പാഠം നേതൃത്വം കൂടി പഠിക്കണം. നേതൃത്വത്തിന് കൂടി വീണ്ടുവിചാരം ഉണ്ടാവാൻ നല്ലതാണ് ഈ കൂടുമാറ്റമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചിരുന്നു.