വയനാട് : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷ്, പോൾ എന്നിവരുടെ കുടുംബങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി എം പി (Rahul Gandhi on wild animals attack). രാവിലെ എട്ട് മണിയോടെ അജീഷിന്‍റെ വീട്ടിലെത്തിയ അദ്ദേഹം ഭാര്യയുടെയും മകളുടെയും വേദനകള്‍ കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. കുടുംബത്തിന്‍റെ ഏതൊരാവശ്യത്തിനും കൂടെയുണ്ടെന്നും, വന്യമൃഗ ശല്യത്തിന് എതിരായ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
അതേസമയം രാഹുൽ ഗാന്ധിയോട് പരാതി പറയാൻ കോൺഗ്രസ് നേതാക്കൾ അനുവദിച്ചില്ലെന്ന് അജീഷിന്‍റെ നാട്ടുകാർ പറഞ്ഞു. എംപിയായ രാഹുൽ തങ്ങളുടെ പരാതികൾ കേൾക്കണമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഇവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് ധാരണ ഇല്ല. കോൺഗ്രസ് നേതാക്കൾ രാഹുലിനെ ഇത് ബോധിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
തുടര്‍ന്ന് 8.20 ഓടെ അദ്ദേഹം കഴിഞ്ഞ ദിവസം കാട്ടാന കൊലപ്പെടുത്തിയ പോളിന്‍റെ വീട്ടിലേക്ക് പോയി. പോളിന്‍റെ കുടുംബത്തെയും രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ രാഹുൽ ഗാന്ധി നിറവേറ്റി തരുമെന്ന് വിശ്വസിക്കുന്നതായും, നേരിട്ടുവന്നതിൽ പ്രതീക്ഷയുണ്ടെന്നും പോളിന്‍റെ മകൾ സോന പറഞ്ഞു. വയനാട്ടിലെ ചികിത്സ സൗകര്യങ്ങളുടെ പോരായ്‌മയിൽ ഇടപെടണമെന്ന് രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതായും സോന പറഞ്ഞു.