എറണാകുളം : മൂവാറ്റുപുഴയിൽ ഒമ്പത് പേരെ കടിച്ച നായയ്‌ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ചയാണ് മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നായ കുട്ടികളടക്കം ഒമ്പത് പേരെ ആക്രമിച്ചത്. നായ പിടുത്തക്കാരെ എത്തിച്ച് പിടികൂടി കൂട്ടിലടച്ച നായ ഇന്നലെയാണ് ചത്തത്.
പോസ്റ്റ്‌മോർട്ടത്തില്‍ നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. കടിയേറ്റവർക്കെല്ലാം പേവിഷ ബാധയെ പ്രതിരോധിക്കാനുള്ള വാക്‌സിൻ ഉൾപ്പടെ വ്യാഴാഴ്‌ച തന്നെ നൽകിയിരുന്നു. എല്ലാവരുടെയും ആരോഗ്യ സ്ഥിതി നിലവിൽ തൃപ്‌തികരമാണ്.
അതേസമയം മണിക്കുറുകളോളം ഓടി നടന്ന ഈ നായ തെരുവു നായ്ക്കളെ കടിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തയില്ല. ഈയൊരു സാഹചര്യത്തിൽ പേവിഷ ബാധയുള്ള നായ സഞ്ചരിച്ച വാർഡുകളിലെ തെരുവ് നായ്ക്കളെ പിടി കൂടി പ്രതിരോധ വാക്‌സിൻ നൽകും.
ഇവയെ സംരക്ഷണ കേന്ദ്രത്തിൽ തമാസിപ്പിച്ച് രണ്ടാഴ്‌ച നിരീക്ഷിക്കാനും മൂവാറ്റുപുഴ മുൻസിപ്പാലിറ്റി തീരുമാനിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി തെരുവ് നായ്ക്കളുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് തീരുമാനിച്ചതെന്ന് മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് അറിയിച്ചു.
വ്യാഴാഴ്‌ച രാവിലെയാണ് വളർത്തു നായ വീട്ടിൽ നിന്നും ഇറങ്ങിയോടി മൂവാറ്റുപുഴ നഗരസഭയിലെ 7 വാര്‍ഡുകളിലെ ആളുകളെ ആക്രമിച്ചത്. കുട്ടികള്‍ അടക്കം 9 പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മദ്രസയിലും, അമ്പലത്തിലും പോയി മടങ്ങി വരികയായിരുന്ന കുട്ടികളെയും, ജോലിക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്.
പുളിഞ്ചോട് ജങ്ഷന് സമീപം ഇരുചക്ര വാഹനത്തിലെത്തിയ യാത്രക്കാരന് നേരയും നായയുടെ ആക്രമണമുണ്ടായി. നായ പോകുന്ന വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയിരുന്നു. നായ പിടിത്തക്കാരെ കോട്ടയത്ത് നിന്ന് എത്തിച്ചായിരുന്നു വ്യാഴാഴ്‌ച വൈകുന്നേരത്തോടെ നായയെ പിടികൂടി കൂട്ടിലടച്ചത്. ഇതോടെയാണ് വളർത്ത് നായ ആണെന്ന് സ്ഥിരീകരിച്ചത്.