തിരുവനന്തപുരം : താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിയിലെ ഉന്നതരുടെ പ്രേരണയോടെയാണെന്ന ആരോപണം ശരിയല്ലെന്ന് പിവി അൻവർ എംഎൽഎ. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ തന്‍റെ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പാര്‍ട്ടി ഓഫിസില്‍ നിന്നും തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും താന്‍ ഫോണ്‍ എടുത്തില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
'എസ്‌പിയെ കുറിച്ചും പൊലീസിലെ കെടുകാര്യസ്ഥതയെക്കുറിച്ചും ഞാന്‍ തുറന്നു പറയാന്‍ തുടങ്ങിയ ശേഷം നിരവധി തവണ പാര്‍ട്ടി ഓഫിസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും നിരവധി തവണ ഫോണ്‍ വന്നിരുന്നു. ഞാന്‍ ഫോണ്‍ എടുത്തിട്ടില്ല. ഫോണ്‍ ഓഫ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡ്രൈവറുടെ ഫോണും ഓഫ് ചെയ്യിച്ചു.
ഗണ്‍മാന്‍മാരുടെയും സ്‌റ്റാഫിന്‍റെയും ഫോണ്‍ ഓഫാക്കിച്ചു. എനിക്ക് പറയാനുള്ളത് പൊതുജനമധ്യത്തില്‍ പറഞ്ഞ ശേഷം ബന്ധപ്പെട്ടവരെ കണ്ടാല്‍ മതിയെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷമാണ് ഞാന്‍ എല്ലാ കാര്യവും മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും ഏല്‍പ്പിച്ചത്' എന്ന് പിവി അൻവർ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എഡിജിപി എംആര്‍ അജിത് കുമാറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ടും അന്‍വര്‍ പരാതി നല്‍കിയിരുന്നു.