മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലമ്പൂർ എംഎല്‍എ പി വി അൻവർ. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി ശശി പരാജയപ്പെട്ടുവെന്ന് അൻവർ ആരോപിച്ചു. ശശി ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും അൻവർ പറഞ്ഞു.
എം ആർ അജിത് കുമാറും സുജിത് ദാസുമൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യം ചെയ്യാൻ ഒരാള്‍ക്ക് കഴിയുമോ എന്നും അൻവർ ചോദിച്ചു.
വിശ്വസ്‌തർ കിണറുകുഴിച്ച് വച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പ്പിച്ചത് പി ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും എംഎല്‍എ ചോദിച്ചു.
പി ശശി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നല്‍കിയിട്ട് നടപടിയുണ്ടായില്ല. എല്ലാ വിഷയങ്ങളും പി ശശിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പിതാവിന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് തന്‍റെ ബാധ്യതയാണ്. അതാണ് ഇപ്പോള്‍ നിറവേറ്റുന്നത്. തന്‍റെ ജീവൻ അപകടത്തിലാണെന്നറിയാമെന്നും അൻവർ കൂട്ടിച്ചേർത്തു.
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എംആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എംആർ അജിത് കുമാറിന്‍റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അൻവർ എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ ചോർത്താൻ എഡിജിപിക്ക് പ്രത്യേക സംവിധാനമുണ്ട്.
മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാർട്ടിയെയും ഗവണ്‍മെന്‍റിനെയും ഇല്ലായ്‌മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എംആർ അജിത് കുമാറിന്‍റെ ഒപ്പമുള്ള കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം. കസ്റ്റംസിലെ ബന്ധമുപയോഗിച്ച് സുജിത് ദാസ് കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തിയെന്നും അൻവർ ആരോപിച്ചു.
Also Read: 'ഇപി' വിവാദങ്ങളുടെ രണ്ടക്ഷരം; കണ്ണൂരിന്‍റെ ചുവന്ന മണ്ണിൽ മറ്റൊരു വന്മരം കൂടി കടപുഴകുമ്പോൾ...