കോഴിക്കോട്: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ എംഎൽഎ. നീതി ലഭിച്ചില്ലെങ്കിൽ അത് ലഭിക്കും വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല.
തനിക്ക് വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. പിവി അൻവർ എല്ലാ ദിവസവും ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് മുന്നണി കൺവീനർ ഇന്നലെ (സെപ്‌റ്റംബർ 12) പറഞ്ഞിരുന്നു. കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ടെന്ന ആരോപണവും അൻവർ ആവർത്തിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
'മിത്തോ','അഭ്യൂഹമോ' അല്ല. കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്. അതിൻ്റെ തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർഎസ്‌എസ് കത്തിച്ചെങ്കിൽ അതിൻ്റെ പേരിൽ കണ്ണൂരിലുള്ള സഖാവ് കാരായി രാജൻ്റെ ഫോൺ ചോർത്തുന്നതിൻ്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.
കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്, നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ. അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.!! നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പൊലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്. അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്.
![PV ANVAR Reply To TP Ramakrishnan LATEST MALAYALAM NEWS TP RAMAKRISHNAN Statement on Anvar PV ANVAR CONTROVERSY](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2024/22433200_fb-post.jpg)
കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്, അവിടെ നിന്ന് എകെജി സെൻ്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും. ഇതായിരുന്നു ഇവരുടെ ലക്ഷ്യം. ഇത് ബൂമറാങ്ങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്. അല്ലെങ്കിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ.
നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. എനിക്ക് വേണ്ടിയല്ല, നമ്മൾ ഓരോരുത്തവർക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടം. സഖാവ് കാരായിക്ക് ഐക്യദാർഢ്യം.
Also Read: അന്‍വര്‍ വഴങ്ങുന്നില്ല; പി ശശിക്കെതിരെ വീണ്ടും കടന്നാക്രമണം, പരമാര്‍ശങ്ങള്‍ എല്‍ഡിഎഫ് യോഗത്തിന് മുമ്പ്