മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയ്‌ക്ക് വലിയ ജനകീയ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പിവി അൻവർ എംഎൽഎ. ചേലക്കരയിലെ കമ്മ്യൂണിസ്‌റ്റ് കോട്ടയിൽ നിന്ന് 3920 വോട്ട് നേടാനായെന്ന് അദ്ദേഹം പറഞ്ഞു. പിണറായിസത്തിനെതിരെയുള്ള വോട്ടാണിതെന്ന് പിവി അൻവർ വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാരിന്‍റെ പല ചെയ്‌തികളും ബഹുജന സമക്ഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ രണ്ടര മാസത്തിനിടയ്ക്ക് തനിക്ക് സാധിച്ചെന്ന് അൻവർ ചൂണ്ടിക്കാട്ടി. ഗവൺമെന്‍റിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ശരിവയ്‌ക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ഇവിടെ മൂന്ന് സ്ഥലങ്ങളിലും പ്രതിഫലിച്ചത്.
കേരളത്തിലെ രാഷ്‌ട്രീയം ഇപ്പോൾ പരിശോധിച്ചാൽ 140 മണ്ഡലങ്ങളിൽ ഒറ്റക്കൊറ്റയ്ക്ക് മത്സരിച്ചാൽ 3920 വോട്ട് പിടിക്കാൻ പ്രാപ്‌തിയുള്ള എത്ര പാർട്ടികളുണ്ടെന്ന് ഇപ്പോൾ വിമർശിക്കുന്നവർ ആലോചിക്കേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. സിപിഎമ്മും കോൺഗ്രസും ബിജെപിയും കഴിഞ്ഞാൽ ഈ പറഞ്ഞ വോട്ട് പിടിക്കാൻ ശേഷിയുള്ള എത്ര പാർട്ടികളുണ്ടെന്നും അൻവർ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിഎംകെയെ പിന്തുണയ്‌ക്കുന്ന 80 ശതമാനം ആളുകളും സിപിഎമ്മിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ആന്‍റി പിണറായിസം ഇവിടെ നിലനിൽക്കുന്നുണ്ട്. പിണറായിസം ഇനിയും തുടരാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ വരാനിരിക്കുന്ന 2026ലെ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച് മറ്റൊരു പശ്ചിമബംഗാൾ ആയിരിക്കുമെന്നും പിവി അൻവർ വ്യക്തമാക്കി.
ചേലക്കരയിൽ നിന്ന് ഒരു 5000 വോട്ട് ലക്ഷ്യമിട്ടാണ് മത്സരിക്കാനിറങ്ങിയത്. എന്നാൽ 3920 വോട്ടുകളെ നേടാനായുള്ളു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി നീട്ടിയതിനാലാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൃത്യമായ രാഷ്‌ട്രീയ ആശയത്തിന് മാത്രം ലഭിച്ച വോട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് വിധി': പികെ ബഷീർ എംഎൽഎ