കോഴിക്കോട് : പിഎസ്‌സി അംഗത്വ കോഴയുമായി ബന്ധപ്പെട്ട് നടന്നത് വലിയ കള്ളക്കളിയെന്ന് വിവരം. എൽഡിഎഫിലെ ഘടകകക്ഷിയായ ജെഡിഎസിന് അനുവദിച്ച പിഎസ്‌സി അംഗത്വത്തിലേക്ക് കോഴ വാങ്ങി ആളെ കയറ്റാനാണ് കോഴിക്കോട് ഡീൽ നടന്നതെന്നാണ് സംശയം. ഒരു വര്‍ഷത്തോളമായി ഒഴിഞ്ഞ് കിടക്കുന്ന സീറ്റിലേക്ക് ജെഡിഎസുമായി ബന്ധമില്ലാത്ത ഒരാളെ പിഎസ്‌സി അംഗമാക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്ന് ജെഡിഎസിലും പരാതി ഉയർന്നിരുന്നു. എട്ട് മാസം മുമ്പാണ് കോഴിക്കോട് കോഴ ഇടപാട് നടന്നത്.
മന്ത്രി പിഎ മുഹമ്മദ് റിയാസ് വഴി പാർട്ടി നേതൃത്വത്തിന്‍റെ അംഗീകാരം വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചാണ് പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌തതെന്നാണ് പരാതി. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെഎം സച്ചിൻദേവ്, ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്‍റ് എന്നിവരുമായുള്ള ബന്ധം കൂടി ദുരുപയോഗം ചെയ്‌താണ് കോഴ വാങ്ങിയതെന്നും ആരോപണമുണ്ട്.
ലോക്‌സഭ സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പരാതി പാർട്ടി ഫോറത്തിൽ ഉയർന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നെങ്കിലും തീരുമാനമായില്ല. വിഭാഗീയതയുടെ ഭാഗമായി വീണ്ടും വിഷയം പുകയുന്നതിനിടെ, കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവർത്തിക്കുന്നതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെ സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.
ഈ വിവരം ചോർന്ന് പത്രവാർത്ത ആയതോടെയാണ് ആരാണ് കോഴ വാങ്ങിയതെന്ന ചർച്ച ചൂടുപിടിച്ചത്. ഒടുവിൽ ഏരിയ കമ്മറ്റി അംഗവും സിഐടിയു ജില്ല സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയുടെ പേര് പുറത്ത് വന്നത്. സംസ്ഥാന നേതൃത്വം അന്വേഷിച്ചപ്പോൾ പരാതി വാസ്‌തവമാണെന്ന് ബോധ്യമായിട്ടുണ്ട്. യുവ നേതാവ് ഒറ്റയ്ക്കാവില്ല ഇടപാട് നടത്തിയതെന്ന സംശയവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
അതേസമയം പരാതിക്കാരൻ എവിടെ എന്നാണ് ആരോപണ വിധേയനായ പ്രമോദ് ചോദിക്കുന്നത്. വിഭാഗീയതയുടെ ഭാഗമായി മറു വിഭാഗം ഉയർത്തിയ പരാതി മാത്രമായിട്ടാണ് ഇതിനെ പ്രമോദ് കാണുന്നത്. 'ജപ്‌തി ഭീഷണിയിലുള്ള വീട്ടിലാണ് താൻ കഴിയുന്നത്, എന്തെങ്കിലും പണം കൈവശമുണ്ടായിരുന്നെങ്കിൽ അത് അടച്ചേനേ, തനിക്കെതിരായ പരാതി വിഭാഗീയതയുടെ ഭാഗമാണ്' - പ്രമോദ് ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം പരാതിക്കാനായ വ്യക്തിക്ക് നിലവിൽ പരാതി ഇല്ലെന്നും കോഴയെ കുറിച്ച് അറിയില്ലെന്നുമാണ് വ്യക്തമാക്കിയത്. വാങ്ങി എന്ന് പറയുന്ന 22 ലക്ഷം രൂപ തിരിച്ച് നൽകി വിഷയം ഒത്തു തീർപ്പാക്കി എന്നാണ് പുറത്ത് വരുന്ന വിവരം. പരാതിക്കാരൻ കൈമാറി എന്ന് പറയുന്ന തെളിവുകൾ ആരെങ്കിലും കുത്തിപ്പൊക്കിയിൽ വിഷയം വീണ്ടും വഷളാകും. കോഴിക്കോട് നഗരം കേന്ദ്രീകരിച്ചുള്ള ചില കച്ചവടങ്ങളും മധ്യസ്ഥചർച്ചകളും നിയന്ത്രിക്കുന്നത് കുറച്ച് നേതാക്കൾ ഉൾപ്പെട്ട കോക്കസാണെന്നാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്ന ആരോപണം.
വൻകിട റിയൽ എസ്റ്റേറ്റ് ഇടനിലക്കാർവരെ ഇക്കൂട്ടത്തിലുണ്ടെന്നും ചില നേതാക്കൾ ഇവരിൽ നിന്ന് വഴിവിട്ട സഹായങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഒരു വിഭാഗം പറയുന്നു. മന്ത്രി മുഹമ്മദ് റിയാസ് അടങ്ങുന്ന വിഭാഗത്തിന് എതിരായാണ് പരാതികൾ മിക്കതും ഉയരുന്നത്. പാർട്ടി അന്വേഷണത്തിന്‍റെ തീരുമാനം എന്താകും എന്നതിലും പ്രത്യേകിച്ച് ആർക്കും പ്രതീക്ഷയില്ല.