കോഴിക്കോട്: വലിയ കാറും കോളും കൂട്ടി വന്ന കോഴിക്കോട്ടെ കോഴ വിവാദം ആവി ആയോ? സിപിഎം അതിനെ വളരെ 'ഭംഗി'യായി കൈകാര്യം ചെയ്‌തു. ഇനി പൊലീസിന് എന്തേലും റോളുണ്ടോ?. പ്രാഥമികമായി അന്വേഷിച്ചപ്പോൾ പാർട്ടിയോട് പരാതി പറഞ്ഞയാൾക്ക് പൊലീസിൽ പരാതിയില്ല. ഇനി എന്തേലും വഴിയുണ്ടോ?
യൂത്ത് കോൺഗ്രസ് കമ്മിഷണർക്ക് നൽകിയ പരാതിയുണ്ട്. അതുവച്ച് അന്വേഷിക്കാം. എന്നാൽ പരാതിക്കാരന് പരാതിയില്ലെങ്കിൽ എന്ത് ചെയ്യും. സ്വാഭാവികമായും ഫയൽ ക്ലോസ് ചെയ്യും. പിന്നെ കോഴ നൽകുന്നത് കേസ് ആണെങ്കിൽ, ആര് വാങ്ങി, എന്ത് വാങ്ങി, പാർട്ടി ഒന്നും അറിഞ്ഞില്ലല്ലോ...!
കോഴിക്കോട്ടെ സിപിഎമ്മിലെ വിഭാഗീയതയും കോക്കസും വഴി ഉയർന്ന് വന്ന പിഎസ്‌സി അംഗത്വ കോഴ വിവാദം പാർട്ടി 'അറിഞ്ഞില്ലെ'ങ്കിലും നാട് മുഴുവൻ അറിഞ്ഞു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ബോധ്യമായ വിഷയം പക്ഷേ, കോഴിക്കോട് ജില്ല കമ്മറ്റി വളരെ ഭംഗിയായി 'കൈകാര്യം' ചെയ്‌തു. ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി, പരാതിക്കാരൻ എവിടെ എന്ന് ചോദിച്ചതു മുതൽ കാര്യം വ്യക്തമായിരുന്നു.
ഒരു ഹോമിയോ ഡോക്‌ടറും അവരുടെ ഭർത്താവുമാണ് പണം കൈമാറിയതെന്ന് പല സ്ഥലത്തും അശരീരി ഉണ്ടായിരുന്നു. എന്നാൽ ആരും കാണാത്ത പരാതിക്കാരെ പാർട്ടിക്കും നേതാക്കൾക്കും അറിയാം. എന്നാൽ ഒന്നും മിണ്ടരുത് എന്ന പാർട്ടി പറഞ്ഞാൽ അവർക്ക് അനുസരിക്കുകയല്ലേ രക്ഷയുള്ളൂ. ഒപ്പം നൽകിയ പണം നഷ്‌ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്തിന് പൊതു സമൂഹത്തിൽ വരണം.
എല്ലാം സേഫാക്കിയതോടെ കുറ്റം മാധ്യമങ്ങൾക്കായി. ചിലരെ കരിവാരി തേക്കാൻ കരിയുമായി നടക്കുന്നവരായി മാധ്യമങ്ങൾ. 'നിങ്ങൾക്ക് പരാതിയുണ്ടങ്കിൽ താ, ഞങ്ങൾ അന്വേഷിക്കാം' എന്ന തരത്തിലായി കാര്യങ്ങൾ. പെട്ടെന്നൊരു കമ്മറ്റി വിളിച്ച് വളരെ വിചിത്രമായ രീതിയിൽ ആ ഫയൽ ക്ലോസ് ചെയ്‌തു. തുറന്ന് പറഞ്ഞില്ലെങ്കിലും ആരോപണ വിധേയനെതിരെ പേരിന് ഒരു വിശദീകരണം തേടി.
എന്നാൽ ഈ വിഷയങ്ങൾ കുത്തിപ്പൊക്കിയ കോക്കസ് ഇപ്പോഴും കോഴിക്കോട്ട് സജീവമാണ്. തൽക്കാലം ആവിയായ വിഷയം സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതോടെ പൂർവാധികം ശക്തിയോടെ വീണ്ടും പ്രത്യക്ഷപ്പെടില്ല എന്ന് കരുതാനും പറ്റില്ല. കാരണം ഈ ഇടപാടുമായി ബന്ധപ്പെട്ട് ചില ശബ്‌ദ സന്ദേശങ്ങൾ കൂടി ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അത് നേതാക്കൾക്ക് കൈമാറിയതായും വിവരമുണ്ട്. അതെങ്ങാനും പുറത്ത് വന്നാൽ, ബാക്കി അപ്പോൾ അറിയാം.