ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. ഇന്ന് പുലർച്ചെ ലേബർ റൂമിന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. കുഞ്ഞിൻ്റെ മൃതദേഹവുമായായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. സംഭവത്തിൽ ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
വണ്ടാനം വൃക്ഷ വിലാസംതോപ്പ് മനു-സൗമ്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. എട്ടുദിവസം പ്രായമുള്ള കുഞ്ഞ് രാത്രി 12 മണിയോടെയാണ് മരിച്ചത്. കഴിഞ്ഞ മാസം 28 ന് രാത്രി സൗമ്യയ്ക്ക് പ്രസവ വേദന ഉണ്ടായി. എന്നാല്‍, വേദന ശക്തമായിട്ടും ഡോക്‌ടര്‍മാരും നഴ്‌സുമാരും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് 29ന് രാവിലെ വാര്‍ഡില്‍വച്ച് പ്രസവിച്ച ശേഷം സൗമ്യയെ ലേബര്‍ റൂമിലേക്കും ശിശുവിനെ ഐസിയുവിലേക്കും മാറ്റി.
പ്രസവിച്ച സമയത്ത് കുഞ്ഞിനെ അമ്മയെ കാണിച്ചില്ലെന്നും മുലയൂട്ടാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കുഞ്ഞിനെ ഡയാലിസിസിന് വിധേയമാക്കിയതായും ബന്ധുക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ കുട്ടിയെ കാണുന്നത് എട്ട് ദിവസത്തിന് ശേഷമാണെന്നും ബന്ധുക്കള്‍ പറയുന്നു.
ALSO READ : അവയവം മാറി ശസ്‌ത്രക്രിയ; ഡോക്‌ടർക്ക് വീഴ്‌ചപറ്റിയെന്ന പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്