ഇടുക്കി: രാജകുമാരി വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കാനുള്ള റവന്യൂ വകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. രാജകുമാരി ടൗണിന് സമീപമുള്ള ഓഫിസ് നടുമുറ്റത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. നിലവിലെ ഓഫിസിലേക്ക് ജനങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാനാകുമെന്നും എന്നാല്‍ നടുമുറ്റത്തേക്ക് മാറ്റിയാല്‍ അതിന് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അതേസമയം പഞ്ചായത്തും ജനപ്രതിനിധികളും അറിയാതെയാണ് നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. നാല് പതിറ്റാണ്ടായി രാജകുമാരി ടൗണിന് സമീപമാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ സ്‌മാർട്ട് വില്ലേജ് ഓഫിസ് നിർമ്മിക്കാൻ നിലവിലെ സ്ഥലത്ത് സൗകര്യമില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ വാദം.
സ്‌മാർട്ട് വില്ലേജ് ഓഫീസിനായി 10 സെന്‍റ് സ്ഥലം ആവശ്യമാണ്. എന്നാൽ രാജകുമാരിയിലെ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത് വെറും 8 സെന്‍റ് ഭൂമിയിലാണ്. അതിനാൽ നടുമറ്റത്തുള്ള റവന്യൂ ഭൂമിയിൽ വില്ലേജ് ഓഫീസ് നിർമ്മിച്ച് പഴയ ഓഫീസ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സായി ഉപയോഗിക്കണമെന്നുമാണ് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട്.
ഇത് അനുസരിച്ച് നടുമറ്റത്ത് പുതിയ സ്‌മാർട്ട് വില്ലേജ് ഓഫിസ് നിർമ്മിക്കാൻ കഴിഞ്ഞ ദിവസം ജില്ല കലക്‌ടര്‍ ഉത്തരവിറക്കുകയും ചെയ്‌തു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിന് പിന്നാലെ റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരെ ഇന്നലെ (മെയ് 31) രാജകുമാരി പഞ്ചായത്തില്‍ സർവ്വ കക്ഷി യോഗം ചേര്‍ന്നു. വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
രാജകുമാരി പഞ്ചായത്തിനോട് ചേര്‍ന്ന് ഓഫിസ് നിര്‍മിക്കാന്‍ ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്‌ടറോട് നേരിട്ട് ആവശ്യപ്പെടാനും യോഗം തിരുമാനിച്ചു. നിലവിലെ വില്ലേജ് ഓഫിസിന്‍റെ രേഖകൾ പരിശോധിച്ച് സ്‌മാർട്ട് വില്ലേജ് ഓഫിസ് നിർമ്മിക്കാൻ സർക്കാർ നിഷ്‌കർഷിക്കുന്ന ഭൂമിയുണ്ടോയെന്ന് പരിശോധിക്കാൻ സർവ്വ കക്ഷിയോഗം സബ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
Also Read: വില്ലേജ് ഓഫിസ് കെട്ടിടത്തിന് വാടക ലഭിക്കുന്നില്ല, സമരമിരുന്ന് കുടുംബം; ഉത്തരവ് കൈപ്പറ്റി മടക്കം