തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ ഇന്ന് ചേർന്ന നഗരസഭ കൗൺസിലിലും പ്രതിഷേധം. ഉച്ചയ്‌ക്ക് 2:30ന് ആരംഭിച്ച കൗൺസിൽ യോഗത്തിൽ അജണ്ട അവതരണത്തിന് പിന്നാലെ ബിജെപി, യുഡിഎഫ് അംഗങ്ങൾ ബഹളമുണ്ടാക്കി. കെഎസ്ആർടിസി ഡ്രൈവർ യദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കൗൺസിൽ യോഗത്തിലെ ബഹളം.
മേയർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ബഹളത്തെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാരും യുഡിഎഫ് - ബിജെപി കൗൺസിലർമാരുമായി വാക്കേറ്റവും നടന്നു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.