വയനാട് : കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം. മരിച്ച മാറോട് രാജുവിന്‍റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു. രാജുവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിന്‍റെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു.
പ്രതിഷേധം കടുത്തതോടെ നൂൽപ്പുഴ പഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ആരംഭിച്ചു. നഷ്‌ടപരിഹാരം ഉള്‍പ്പടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യങ്ങള്‍ സര്‍വ കക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജുവിന്‍റെ കുടുംബത്തിന് സഹായധനം, ആശ്രിതര്‍ക്ക് ജോലി എന്നിവയാണ് ആവശ്യം. ഇതില്‍ കൃത്യമായ തീരുമാനം ഇല്ലാതെ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.
ഞായറാഴ്‌ച രാത്രിയോടെയാണ് കല്ലൂർ സ്വദേശിയായ രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ വൈകിട്ടോടെ ചികിത്സയിലിരുന്ന രാജു മരണപ്പെടുകയായിരുന്നു.
Also Read: വീണ്ടും ചക്കക്കൊമ്പന്‍; സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി ആക്രമണം, കാര്‍ തകര്‍ത്തു