കണ്ണൂർ: ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സിപിഎം നേതൃത്വവും സിപിഎം അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമായുള്ള പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതിന് മറുപടിയുമായി പ്രമുഖ ഇടതു സൈബർ ഗ്രൂപ്പായ പോരാളി ഷാജി രംഗത്തു വന്നിരുന്നു. വിവാദം കൊഴുപ്പിച്ച് പ്രതികരണത്തിന് മറുപടിയായി പോരാളി ഷാജിയുടെ അഡ്‌മിൻ ആരാണെങ്കിലും പുറത്തു വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എം വി ജയരാജൻ.
" 'ചെങ്കോട്ട', 'ചെങ്കതിർ', 'പോരാളി ഷാജി' എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണം. സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നുണ്ട്. അതിന്‍റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ട് എം വി ജയരാജൻ്റെ ആദ്യ പ്രതികരണം ഇത്തരത്തിലായിരുന്നു." പി കെ കുഞ്ഞനന്ദൻ അനുസ്‌മരണ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രവർത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരു കാര്യം മനസ്സിലാക്കണം, ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ്. 'ചെങ്കോട്ട', 'ചെങ്കതിർ', 'പോരാളി ഷാജി' തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്‌മിൻമാരെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. വിലയ്ക്ക് വാങ്ങിയാല്‍ നേരത്തെ നടത്തിയ പോലുള്ള കാര്യമല്ല ഗ്രൂപ്പുകളില്‍ വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്‌റ്റുകളാണ് പിന്നെ ഗ്രൂപ്പുകളില്‍ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ വാദം തള്ളി 'പോരാളി ഷാജി' ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി. 'അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന' തലക്കെട്ടിൽ ജയരാജന് അക്കമിട്ട് മറുപടി നൽകി. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ല പണിയുമെടുത്ത് ജീവിക്കുക എന്നും കുറിപ്പിൽ പറയുന്നുണ്ട്. അധികാരത്തിന്‍റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്‍റെ തോൽവിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും 'പോരാളി ഷാജി' ഫേസ്ബുക്കില്‍ കുറിച്ചു.
'പോരാളി ഷാജി' മുതൽ സിപിഎമ്മിന്‍റെ പ്രധാന സൈബർ ഗ്രൂപ്പുകൾ എല്ലാം കൈകാര്യം ചെയ്യുന്നത് പി ജയരാജൻ അനുകൂലികൾ ആണ്. അതുകൊണ്ടുതന്നെ പി ജയരാജനെതിരെയുള്ള പ്രസംഗമാണോ എം വി ജയരാജൻ നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന പി ജയരാജന്‍റെ പ്രസംഗത്തിന് തൊട്ടു പിന്നാലെയാണ് പി കെ കുഞ്ഞനന്തൻ അനുസ്‌മരണ വേദിയിൽ എം വി ജയരാജന്‍റെ പ്രസംഗം നടന്നത്.
പി ജയരാജൻ ജില്ലയിൽ കത്തി നിൽക്കുമ്പോഴാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടത്. കൂടാതെ ഇത്തവണ പി ദിവ്യ മുതൽ ശ്രീമതി ടീച്ചർ വരെ പല പേരുകളും കണ്ണൂരിൽ വന്നെങ്കിലും കണ്ണൂർ സീറ്റ് ജയരാജൻ ചോദിച്ചു വാങ്ങിയതെന്ന് ആരോപണവും പാർട്ടിക്ക് അകത്ത് ശക്തമായിരുന്നു. ഇതിന്‍റെയൊക്കെ പിന്നാലെയാണ് ഇപ്പോള്‍ നേതാക്കള്‍ തമ്മില്‍ ഗ്രൂപ്പ് പോര് രൂപാന്തരപ്പെടുന്നു എന്ന് സൂചന വരുന്നത്.
Also Read: തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി ചർച്ച ചെയ്യും; സീതാറാം യെച്ചൂരി