വയനാട്: ജനാധിപത്യത്തിന്‍റെ മൂല്യങ്ങള്‍ തകര്‍ക്കാൻ ശ്രമിക്കുന്നവര്‍ക്ക് എതിരെയാണ് നമ്മുടെ പേരാട്ടമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. മണ്ഡല പര്യടനത്തിനിടെ സുല്‍ത്താൻ ബത്തേരിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
താനും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് പ്രവര്‍ത്തകരും ഒരുമിച്ച് നിന്നുകൊണ്ട് ഇന്ന് വലിയൊരു പോരാട്ടമാണ് നയിക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ തകര്‍ക്കാൻ ഏതുവിധത്തിലും ശ്രമിക്കുന്ന ഒരു വലിയ ശക്തിക്കെതിരെയാണ് നമ്മള്‍ ഇന്ന് പോരാടിക്കൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ജനാധിപത്യത്തിന്‍റെ മൂല്യം തകര്‍ക്കാൻ ഭരണഘടനയെ ദുര്‍ബലപ്പെടുത്തിണ്ടിരിക്കുന്ന ശക്തിക്കെതിരെയാണ് നമ്മള്‍ പോരാടുന്നത്. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു രാഷ്‌ട്രീയത്തിനെതിരെയാണ് നമ്മള്‍ പോരാടുന്നത്.മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോരാടിയ അതേ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഇപ്പോഴും പോരാടുന്നതെന്നും പ്രിയങ്ക സുല്‍ത്താൻ ബത്തേരിയിലെ പ്രസംഗത്തില്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇഷ്‌ടത്തിന് ഉപരിയായി ഒന്നുമില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ജനാധിപത്യ സ്വഭാവുമുള്ള ശക്തമായ ഒരു രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിനായി തോളോട് തോളോട് ചേര്‍ന്നു നില്‍ക്കുന്നതിന് ഒരിക്കല്‍ കൂടി താൻ നന്ദി പറയുകയാണെന്നും പ്രിയങ്ക വയനാട്ടിലെ ജനങ്ങളോട് പറഞ്ഞു.
രാജ്യത്തിന്‍റെ വിഭവങ്ങള്‍ കുറച്ച് സുഹൃത്തുകള്‍ക്ക് മാത്രം നല്‍കുന്നവര്‍ക്കെതിരെയാണ് നമ്മള്‍ പോരാടുന്നത്. ഇന്ത്യ വിഭാവനം ചെയ്യുന്ന എല്ലാ മൂല്യങ്ങളും പ്രതിനിധീകരിക്കുന്ന ഇടമാണ് വയനാട്. രാജ്യം പല തരത്തിലുള്ള വിഭജനത്തിന്‍റെ പിടിയിലമരുമ്പോള്‍ വയനാട്ടുകാര്‍ പരസ്‌പരം കാണിക്കുന്ന സ്‌നേഹവും അനുകമ്പയും മാതൃകാപരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട്ടില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്. ആദിവാസി സമൂഹത്തിന് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. കര്‍ഷകരുടെ വിളകള്‍ക്ക് മതിയായ തുക ലഭിക്കാത്ത പ്രശ്‌നങ്ങളുണ്ട്. അവയെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്. മണ്ണിടിച്ചില്‍ മൂലമുണ്ടായ ടൂറിസ്റ്റുകളുടെ ഭയത്തെ അകറ്റി കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കണം. മെഡിക്കല്‍ കോളജിനായി കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
സന്ദർശനത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെ (ശനിയാഴ്‌ച) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തിരുവമ്പാടിയിലെ മുക്കം, നിലമ്പൂര്‍, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക പങ്കെടുത്തിരുന്നു.