വയനാട്: ബിജെപി നേതാക്കൾ ജനങ്ങളുമായി ബന്ധം വേർപെടുത്തിയിരിക്കുകയാണെന്ന് വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. ബിജെപിയുടെ നയങ്ങൾ കുറച്ച് പേർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ എന്നും പ്രിയങ്ക പറഞ്ഞു. സുൽത്താൻ ബത്തേരി അസംബ്ലി നിയോജക മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആദിവാസി സമൂഹത്തിന് നല്‍കിയ സേവനങ്ങളും അവര്‍ എടുത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളിൽ പ്രായമുള്ളവർക്ക് എന്‍റെ മുത്തശ്ശി ഇന്ദിര ഗാന്ധിയെ അറിയാം. ഇന്ത്യയിലെ ഗോത്ര വർഗക്കാരോട് അവർക്കുണ്ടായിരുന്ന ബഹുമാനവും ബന്ധവും നിങ്ങള്‍ക്ക് അറിയാം. വനം, ഭൂമി, ജലം, ഭൂമി എന്നിവയുമായുള്ള ആദിവാസി ജനതയുടെ ബന്ധത്തിന് ഇന്ദിര ഗാന്ധി എപ്പോഴും ഊന്നൽ നൽകിയിരുന്നു. ഈ ധാരണയോടെയാണ് ഇന്ദിര ഗാന്ധി ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി ഇത്രയധികം പ്രവർത്തിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
യുപിഎ സർക്കാരിന്‍റെ വനാവകാശ നിയമം, എംഎൻആർഇജിഎ, വിദ്യാഭ്യാസ അവകാശം തുടങ്ങിയ പദ്ധതികൾ പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ബിജെപിയുടെ നയങ്ങൾ കുറച്ച് പേർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. ബിജെപി നെഗറ്റീവ് രാഷ്‌ട്രീയത്തിലൂടെ ഈ അവകാശങ്ങളെ ആക്രമിക്കുകയാണ് എന്നും പ്രിയങ്ക വിമര്‍ശിച്ചു.
ഇന്ന് ആറ് സ്വീകരണ യോഗങ്ങളിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി നാളെ രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലും തിരുവമ്പാടിയിലും ഇരുവരും ചേർന്ന് റോഡ് ഷോ നടത്തും.
Also Read: ആദ്യ സീപ്ലെയിനെ എതിരേറ്റ് കൊച്ചി; കനേഡിയൻ പൈലറ്റുമാർക്ക് ഗംഭീര സ്വീകരണം ▶വീഡിയോ