തിരുവനന്തപുരം : പിണറായി ശ്രമിക്കുന്നത് ബിജെപിയുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാണെന്ന് പ്രിയങ്ക ഗാന്ധി. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് വേണ്ടി വലിയതുറ മുതൽ പൂന്തുറ വരെ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ പേര് വന്നില്ലെന്നും മോദിയുടെയും അമിത് ഷായുടെയും ഗുഡ് ലിസ്റ്റിൽ ഇടം പിടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. ലൈഫ് മിഷൻ, സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതിനാലാണ് മോദിയെ വിമർശിക്കാൻ പേടിക്കുന്നത്. ഇഡി, സിബിഐ പോലുള്ള ഒരു അന്വേഷണ ഏജൻസിയും പിണറായി വിജയനെ മാത്രം തേടിയെത്തുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസിനെയും രാഹുലിനെയും വിമർശിക്കുന്നുവെന്നും പ്രിയങ്ക ആവർത്തിച്ചു. പോരാട്ടം ബിജെപിയുടെ അത്യാഗ്രഹത്തിന് എതിരെയാണ്. തെരഞ്ഞെടുപ്പ് ജനങ്ങളുടെ മാച്ചാണ്. ഇന്ത്യ രാജ്യം ഒരു കുടുംബമാണെന്നതിന്‍റെ ഉദാഹരണമാണ് കേരളം.
സമാധാനത്തിലും ഐക്യത്തിലും എങ്ങനെ ജീവിക്കണമെന്ന് മലയാളികൾ രാജ്യത്തിന് മുഴുവൻ കാണിച്ച് കൊടുത്തു. നമ്മുടെ രാജ്യമാകുന്ന കുടുംബം വലിയ പ്രശ്‌നത്തിലാണ്. പുരോഗമനത്തിന്‍റെ രാഷ്ട്രീയത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. അഞ്ച് വർഷം കൂടി ബിജെപിയെ അനുവദിച്ചാൽ ഭരണഘടനയെ അവർ മാറ്റിയെഴുതും. എൻഡിഎ ഉറപ്പു നൽകാത്ത തൊഴിലും ജീവിത സുരക്ഷയും തങ്ങൾ ഉറപ്പുവരുത്തും. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ വാക്ക് പാലിച്ചു.
നാം ഇപ്പോൾ രാജ്യത്തിന് വേണ്ടി നിലകൊള്ളേണ്ട സാഹചര്യമാണെന്നും ഇന്ത്യൻ രാജ്യത്തെ ജനാധിപത്യത്തെ തിരിച്ചു ശരിയായ വഴിയിലേക്ക് എത്തിക്കാൻ വോട്ടർമാർക്ക് കഴിയുമെന്നും പ്രിയങ്ക ഗാന്ധി പൂന്തുറയിൽ റോഡ് ഷോയുടെ സമാപനത്തിൽ പറഞ്ഞു. ചാലക്കുടി, പത്തനംതിട്ട എന്നിവിടങ്ങളിലെ പ്രചരണത്തിന് ശേഷമാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തലസ്ഥാനത്ത് എത്തിയത്
Also Read: 'പിണറായി വിജയനെ കേന്ദ്രം ജയിലിലാക്കാത്തത് എന്തുകൊണ്ട്?' കോട്ടയത്തും ചോദ്യമാവര്‍ത്തിച്ച് രാഹുൽ ഗാന്ധി
നാം ഇപ്പോൾ രാജ്യത്തിന് വേണ്ടി നിലനിൽക്കേണ്ട സാഹചര്യമാണെന്നും രാജ്യത്തെ ജനാധിപത്യത്തെ തിരിച്ചു ശരിയായ വഴിയിലേക്ക് എത്തിക്കാൻ വോട്ടർമാർക്ക് കഴിയുമെന്നും പ്രിയങ്ക ഗാന്ധി പൂന്തുറയിൽ റോഡ് ഷോയുടെ സമാപനത്തിൽ പറഞ്ഞു.