തിരുവനന്തപുരം : ആശങ്കകൾക്കൊടുവിൽ ജോലി വാഗ്‌ദാനം ചെയ്യപ്പെട്ട് തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്‌റ്റ്യൻ വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്‌ച (01-04-2024) പുലർച്ചെയാണ് പ്രിൻസ് ഡൽഹിയിലെത്തിയത്. തുടർന്ന് ഇന്നലെ (02-04-2024) അർധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും ചെയ്‌തു. ഇന്ത്യൻ എംബസി താത്‌കാലിക യാത്രാരേഖ നല്‍കിയതോടെയാണ് പ്രിൻസിന്‍റെ മടക്കയാത്ര സാധ്യമായത്.
അതേസമയം പ്രിന്‍സിനൊപ്പമുണ്ടായിരുന്ന ഡേവിഡ് മുത്തപ്പൻ ഇന്നു രാത്രിയോടെ വീട്ടിലെത്തുമെന്നാണ് സൂചന. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശരീരിക ബുദ്ധിമുട്ടുണ്ടെന്നും പ്രിൻസ് പ്രതികരിച്ചിരുന്നു. റഷ്യയില്‍ ജോലി വാഗ്‌ദാനം നൽകി അഞ്ചുതെങ്ങ്, ആറ്റിങ്ങല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പ്രിന്‍സിനെയും, സുഹൃത്തുക്കളും അഞ്ചുതെങ്ങ് സ്വദേശികളുമായ ടിനു, വിനീത് എന്നിവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്.
ജനുവരി മൂന്നിനായിരുന്നു മൂന്നുപേരും റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞായിരുന്നു ഏജന്‍സി പ്രതിനിധികള്‍ മൂവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. റഷ്യയിലെത്തിയ ശേഷം പാസ്‌പോര്‍ട്ടും മൊബൈലും വാങ്ങിവച്ച് കരാറുകളില്‍ ഒപ്പിടീച്ച് ഇവരെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു.
റഷ്യയിൽ സൈനിക സഹായിയായി ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഏജൻ്റുമാർ യുവാക്കളെ കൊണ്ടുപോയത്. ശേഷം അവരെ സൈന്യത്തിന്‍റെ ഭാഗമാക്കി. 23 ദിവസം പരിശീലനം നൽകിയ ശേഷം പ്രിന്‍സിനെ യുക്രയ്‌ന്‍ യുദ്ധമുഖത്തേക്കയച്ചു. യുദ്ധത്തിനിടെ ബോംബ് പൊട്ടിയും വെടിയേറ്റും പ്രിന്‍സിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് പ്രിന്‍സ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ടിനുവും വിനീതും എവിടെയെന്ന് പ്രിന്‍സിന് അറിയില്ല.
അതേസമയം റഷ്യൻ സൈന്യത്തിലേക്കുളള നിയമവിരുദ്ധ റിക്രൂട്ട്‌മെന്‍റ് സംഭവത്തിൽ യുക്രെയിനിൽ അകപ്പെട്ട മലയാളികളെ ഉടൻ നാട്ടിലേക്ക് കൊണ്ടുവരാനുളള നടപടികൾ ആരംഭിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോലി വാഗ്‌ദാനം ചെയ്‌ത് പ്രലോഭിപ്പിച്ച ശേഷം ഇന്ത്യക്കാരെ യുക്രെയിൻ യുദ്ധത്തിനായി കൊണ്ടുപോയ ഏജൻസികളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.