പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ.വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
ജില്ലാ കലക്‌ടർ ഡോ. എസ് ചിത്ര സ്ഥലം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ശനിയാഴ്‌ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. തപാൽ വോട്ട് എണ്ണാൻ അഞ്ചും യന്ത്ര ബാലറ്റ് എണ്ണാൻ പതിനാലും മേശകൾ ഒരുക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിനാല് റൗണ്ടായാണ് വോട്ടെണ്ണൽ. പാലക്കാട് നഗരസഭയിലെ ഒന്നാമത്തെ ബൂത്ത് മുതലാണ് എണ്ണുക. അതിന് ശേഷം പിരായിരി പഞ്ചായത്തിലെ ബൂത്തുകളിലേക്ക് കടക്കും. പിന്നെ മാത്തൂർ പഞ്ചായത്തിലെ വോട്ടാണ് എണ്ണുക. അവസാനമാണ് കണ്ണാടി പഞ്ചായത്തിലെ വോട്ടെണ്ണൽ.
നഗരസഭ പരിധിയിലെ ബൂത്തുകൾ സമീപ കാലത്ത് എൻഡിഎക്ക് വലിയ ലീഡ് നൽകുന്നതാണ് കണ്ടുവരുന്നത്. 2021ൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന ഇ ശ്രീധരൻ ഷാഫി പറമ്പിലിനേക്കാൾ 6238 വോട്ട് കൂടുതൽ നേടിയിരുന്നു. ശ്രീധരന് 34,143 വോട്ടും ഷാഫിക്ക് 27,905 വോട്ടുമാണ് നഗരസഭയിൽ നിന്ന് കിട്ടിയത്.
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സിപി പ്രമോദ് 16,455 വോട്ട് നേടി. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആ മുൻതൂക്കം നിലനിർത്താൻ എൻഡിഎക്ക് കഴിഞ്ഞില്ല. ലീഡ് 497 വോട്ടായി ചുരുങ്ങി.
സി. കൃഷ്‌ണകുമാറായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥി. കൃഷ്‌ണകുമാര്‍ നഗരസഭയിൽ നിന്ന് 29,355 വോട്ട് നേടിയപ്പോൾ യുഡിഎഫിന് വേണ്ടി മത്സരിച്ച വി കെ ശ്രീകണ്‌ഠൻ 28,858 വോട്ട് നേടി. എൽഡിഎഫിന് 16,356 വോട്ടാണ് കിട്ടിയത്.
പിരായിരി പഞ്ചായത്തിലെ മികച്ച ലീഡാണ് 2021ൽ ഷാഫി പറമ്പിലിന് തുണയായത്. ഷാഫി 12,815 വോട്ട് നേടിയപ്പോൾ ശ്രീധരന് 6,355 വോട്ട് മാത്രമേ പിരായിരിയിൽ കിട്ടിയുള്ളൂ. എൽഡിഎഫിന് 6,614 വോട്ട് കിട്ടി.
മാത്തൂർ പഞ്ചായത്തിൽ അന്ന് എൽഡിഎഫിനായിരുന്നു ഒന്നാം സ്ഥാനം. എൽഡിഎഫ് 6,475 വോട്ട് നേടി മാത്തൂരിൽ ഒന്നാമതെത്തിയപ്പോൾ ഇഞ്ചോടിഞ്ച് പോരാടിയ യുഡിഎഫ് 6,445 വോട്ട് നേടി. 3,960 വോട്ടാണ് അന്ന് എൻ.ഡി.എക്ക് മാത്തൂരിൽ ലഭിച്ചത്.
എൽഡിഎഫിൻ്റെ ശക്തികേന്ദ്രമായ കണ്ണാടിയിൽ 2021 ൽ സിപി പ്രമോദിന് ഉദ്ദേശിച്ച വോട്ട് കിട്ടിയില്ല. 6,078 വോട്ടാണ് ഇവിടെ എൽഡിഎഫിൻ്റെ പെട്ടിയിൽ വീണത്. 5,965 വോട്ട് നേടി യുഡിഎഫ് അന്ന് കണ്ണാടിയിൽ കരുത്ത് കാട്ടി. 4,697 വോട്ടാണ് അവിടെ എൻഡിഎക്ക് കിട്ടിയത്.
ആദ്യഫല സൂചനകൾ എട്ടരയോടെ ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും വിവരങ്ങൾ തൽസമയം ലഭിക്കും. പത്തരയോടെ അന്തിമഫലം ഉണ്ടാകുമെന്നാണ് കരുതുന്നത്. ആകെയുള്ള 1,94,706 വോട്ടർമാരിൽ 1,37,302 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Also Read: പാലക്കാട് വിജയം കാത്ത് മൂന്ന് മുന്നണികള്‍; പ്രതീക്ഷ കണക്കുകളില്‍