തൃശൂർ: പൂരത്തിന്‍റെ വരവറിയിച്ച് തിരുവമ്പാടി വിഭാഗത്തിന്‍റെ പന്തൽ കാൽ നാട്ടു കർമ്മം നടന്നു. നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലാണ് പന്തലുകൾക്കായി കാലുകൾ ഉയർന്നത്. സ്ഥാനാർഥികളായ സുരേഷ് ഗോപി, വി എസ് സുനിൽകുമാർ, മന്ത്രി കെ രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
രാവിലെ ഒൻപത് മണിയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്‍റെ പന്തൽ കാൽനാട്ടൽ കർമ്മം നടന്നത്. പ്രത്യേക ഭൂമി പൂജ നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. പൂരത്തിന് നഗരത്തിൽ മൂന്ന് പന്തലുകളാണ് ഉയരുക.
ഇനി ഓരോ ദിവസവും പൂരക്കാഴ്‌ചകളിലേക്കാകും നഗരം കൺതുറക്കുക. പൂരത്തിനെ വരവേൽക്കാൻ തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. പൂരത്തിന്‍റെ മുഖ്യ സാരഥികളായ പാറമേക്കാവിന്‍റെ പന്തൽ മണികണ്‌ഠനാൽ പരിസരത്തും, തിരുവമ്പാടി വിഭാഗത്തിന്‍റെ പന്തലുകൾ നടുവിലാലിലും നായ്‌ക്കനാലിലുമാണ് ഉയരുക. ഇന്നലെ പാറമേക്കാവ് വിഭാഗത്തിന്‍റെ കാൽ നാട്ടുകർമ്മം നടന്നിരുന്നു.
ഏപ്രിൽ 19 നാണ് പൂരം. 13 ന് നടക്കുന്ന കൊടിയേറ്റത്തോടെ പൂരാവേശത്തിലേക്ക് നഗരം കടക്കും. ആനച്ചന്തവും മേളപ്പെരുക്കവുമൊക്കെയായി പൂരത്തിലാറാടാൻ പൂരപ്രേമികളും പൂരത്തട്ടകവും ഒരുങ്ങുകയാണ്.
മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് പൂരങ്ങളുടെ പൂരമെന്നറിയപ്പെടുന്ന തൃശൂർ പൂരം ആഘോഷിക്കുന്നത്. എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യള്ള തൃശൂർ പൂരം കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ് തുടക്കം കുറിച്ചത്. പൂരം കാണാന്‍ വിദേശികളടക്കം ധാരാളം ആളുകൾ ഇവിടെ എത്തി ചേരാറുണ്ട്.
വെടിക്കെട്ടും, ഇലഞ്ഞിത്തറ മേളവും, പകൽപ്പൂരവും, ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, ആനപ്പുറത്തെ കുടമാറ്റവും, പഞ്ചവാദ്യഘോഷങ്ങളും, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയും തൃശൂർ പൂരത്തിന്‍റെ പ്രധാന ആകർഷണങ്ങളാണ്.
Also Read: വടക്കുന്നാഥന്‍റെ മണ്ണില്‍ ഇനി പൂരനാളുകള്‍...; മണികണ്‌ഠനാൽ പന്തൽ കാൽനാട്ടൽ കർമ്മം നടന്നു