ഡൽഹി: എൽ ഡി എഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജനുമായി കൂടികാഴ്‌ച നടത്തിയെന്ന വാർത്ത നിഷേധിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി പലരെയും കാണാറുണ്ട്. ഇ പിയുമായും കൂടിക്കാഴ്ച്ച നടത്തിയിരിക്കാം അതൊരു തെറ്റാണോ എന്നും ബിജെപി നേതാവ് ചോദിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ദല്ലാൾ നന്ദ കുമാർ നടത്തിയ ആരോപണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. വിഷയത്തിൽ പിണറായി വിജയന്‍റെ പരാമർശം സിപിഎമ്മിന്‍റെ ആഭ്യന്തര പ്രശ്‌നമാണെന്നും പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജൻ കൂടിക്കാഴ്‌ച നടത്തിയതില്‍ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്തു നിന്നുമുണ്ടായത്. കൂട്ടുകെട്ടുകളില്‍ ജയരാജൻ ജാഗ്രത പാലിക്കണം. ഇപി ജയരാജന്‍റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ. എല്ലാ ആളുകളുമായും സുഹൃദ്‌ബന്ധം വയ്‌ക്കുന്ന വ്യക്തിയാണ് ജയരാജൻ. സാധാരണ നമ്മുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ? പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും, ഈ കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇ പി ജയരാജനും മകനും തന്നെ സന്ദർശിച്ചതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജനുവരി 18 ന് എറണാകുളം റെനിയസ്സൻസ് ഹോട്ടലിൽ വെച്ച് ജയരാജന്‍റെ മകനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഇതിന്‍റെയെല്ലാം വാട്‌സ്‌ആപ്പ് ചാറ്റുകൾ തന്‍റെ പക്കൽ ഉണ്ടെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ.
Also Read:'ഇപി ജയരാജനും മകനുമായി കൂടിക്കാഴ്‌ച നടത്തി'; തെളിവ് പുറത്തുവിട്ട് ശോഭ സുരേന്ദ്രൻ