ബെംഗളൂരു : ലൈംഗിക അതിക്രമ കേസില്‍ മുഖ്യപ്രതിയും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് (05-05-2024) കീഴടങ്ങിയേക്കുമെന്ന് സൂചന. പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങിയെത്തി കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് ജെഡി-എസ് നേതാവും മുൻ മന്ത്രിയുമായ സിഎസ് പുട്ടരാജു പറഞ്ഞു.
അതേസമയം, രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണ എപ്പോൾ കീഴടങ്ങുമെന്ന് പുട്ടരാജു വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരു, മംഗളൂരു, ഗോവ എന്നീ മൂന്ന് സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് പ്രജ്വല്‍ രേവണ്ണ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയുടെ അച്ഛന്‍ എച്ച്‌ഡി രേവണ്ണയെ ഇന്നലെ എസ്ഐടി അറസ്‌റ്റ് ചെയ്‌തിരുന്നു.
എച്ച് ഡി ഹോളനരസിപൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത ലൈംഗിക പീഡന കേസിലും മകൻ ഉൾപ്പെട്ട ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും രേവണ്ണ ഒന്നാം പ്രതിയാണ്. രേവണ്ണയുടെ പിഎയുടെ മൈസൂരിലെ ഫാംഹൗസില്‍വച്ച് തട്ടിക്കൊണ്ടുപോയ സ്‌ത്രീയെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പരാതി നല്‍കിയ രണ്ട് സ്‌ത്രീകളും എച്ച് ഡി രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്‌തിരുന്നവരാണ്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അതേസമയം, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ പ്രജ്വല്‍ രേവണ്ണ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയായുടെ നീക്കങ്ങൾ എസ്ഐടി നിരീക്ഷിച്ച് വരുന്നതായും റിപ്പോർട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയ്ക്കായി ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ നടന്ന് വരികയാണ്.