കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കലക്‌ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ദിവ്യ ഹര്‍ജിയില്‍ പറയുന്നത്. തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിൽ പറയുന്നുണ്ട്. ജാമ്യ ഹർജിയോടെ ജില്ലാ കലക്‌ടറും സംഭവത്തിൽ ഉൾപ്പെടുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
അതേസമയം എഡിഎമ്മിന്‍റെ മരണത്തിന് പിന്നിലെ നിർണായക വിവരങ്ങൾ ഉൾകൊള്ളിച്ച് പിപി ദിവ്യയും ജില്ലാ കലക്‌ടറും ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും പിപി ദിവ്യയുടെ ദുരൂഹ ഇടപാടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണവും നിയമ നടപടിയുമാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് നേരിട്ട് നൽകിയ പരാതി. തുടർ നടപടികൾക്കായി ഡിജിപിയുടെ സ്പെഷ്യൽ ടീമിന് കൈമാറി.
ഡിജിപിക്ക് നൽകിയ പരാതിയുടെ ഉള്ളടക്കം
2023 ഒക്ടോബർ 15 -ന് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അവ്യക്തതകളും ദുരൂഹതകളും നിലനിൽക്കുകയാണ്. മരണവാർത്ത പുറത്തുവന്നതിന്‍റെ തൊട്ടു പിന്നാലെ തന്നെ സംഭവത്തിൽ അനാവശ്യ പുകമറ സൃഷ്‌ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നു. എഡിഎമ്മിന്‍റെ മരണത്തിലേക്ക് നയിക്കുന്നതിന് ആസ്‌പദമായ സംഭവം നടക്കുന്ന ഒക്ടോബർ 14 -ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ നടത്തിയ എല്ലാ നീക്കങ്ങളും സംശയാസ്‌പദവും ദുരൂഹവുമാണ്.
ആസൂത്രിതമായി ഒരു ഉദ്യോഗസ്ഥനെ അപമാനിക്കണമെന്നും പൊതുസമൂഹത്തിന്‍റെ മുന്നിൽ മോശക്കാരനായും അഴിമതിക്കാരനായും ചിത്രീകരിക്കണമെന്നുമുള്ള ഉദ്ദേശത്തോടു കൂടി, ജില്ലാ കലക്‌ടർ ഉൾപ്പെടെ പങ്കെടുത്ത, എഡിഎമ്മിന് സഹപ്രവർത്തകരായ ജീവനക്കാർ നൽകുന്ന യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നു വരികയും, ചടങ്ങിലെ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പുവരുത്തി ഏതോ പ്രതികാര ബുദ്ധിയാൽ എന്ന പോലെ യാതൊരടിസ്ഥാനവുമില്ലാതെ ഒരു പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎം അഴിമതി നടത്തിയെന്ന് വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയുമായിരുന്നു.
ഇത്തരമൊരു സാഹചര്യം ഒരുക്കുന്നതിലും നാടകീയ രംഗങ്ങൾക്ക് അവസരമൊരുക്കുന്നതിലും ജില്ലാ കലക്‌ടർ അരുൺ കെ വിജയനുള്ള പങ്കും അന്വേഷിക്കേണ്ടിയിരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ പലപ്പോഴും സൂപ്പർ കളക്‌ടറായി പ്രവർത്തിക്കുന്ന കാഴ്‌ചയും കണ്ണൂരിൽ പതിവാണ്. യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ മനംനൊന്ത് എഡിഎം ആത്മഹത്യ ചെയ്‌തു എന്ന വാർത്ത വരുന്നതിനു തൊട്ടു പിന്നാലെ സംരംഭകന്‍റെ പരാതി എന്ന പേരിൽ ടിവി പ്രശാന്തൻ എന്നയാളുടെ ഒരു കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയാണ്.
അടിമുടി ദുരൂഹവും വ്യാജവുമായ ഒരു കത്ത് തയ്യാറാക്കിയതിന് പിന്നിലെ ചേതോവികാരമാണ് ചില സംശയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങളും ടിവി പ്രശാന്തൻ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലും മുഖ്യമന്ത്രിക്കു നൽകിയെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട കത്തിലുള്ള കാര്യങ്ങളും അടിമുടി ദുരൂഹമാണ്.
മുഖ്യമന്ത്രിക്ക് അയച്ചു എന്ന് പറഞ്ഞ് പ്രശാന്തൻ ടിവി സ്വയം സാക്ഷ്യപ്പെടുത്തി പുറത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ തന്നെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 170 (2) പ്രകാരം പ്രശാന്തനെ പ്രതിചേർത്ത് അദ്ദേഹത്തിന് എതിരായി കേസെടുത്തു നിയമനടപടികൾ സ്വീകരിക്കേണ്ടതും ഒപ്പം ആ അഴിമതി ഇടപാടിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യയുടെ പങ്ക് അന്വേഷിക്കുന്നതിനായി അന്നേ ദിവസത്തെ ഇരുവരുടെയും ഫോൺ കാൾ വിശദാംശങ്ങളും കൂടിക്കാഴ്‌ചയും ഉൾപ്പെടെ പരിശോധിക്കേണ്ടിയുമിരിക്കുന്നു.
അത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോഴും, ഈ സംഭവത്തിൽ പ്രശാന്തൻ പരാതി എന്ന പേരിൽ പുറത്ത് വിട്ട കത്ത് വ്യാജമാണ് എന്നതിലേക്ക് തന്നെയാണ് പുറത്ത് വരുന്ന വിവരങ്ങൾ വിരൽ ചൂണ്ടുന്നത്. അങ്ങനെയൊരു പരാതിയോ കത്തോ മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിലോ പരാതിയിൽ രേഖപ്പെടുത്തിയ തീയതിയായ ഒക്ടോബർ പത്തിനോ എഡിഎം മരിക്കുന്നതിന് മുൻപോ ലഭിച്ചിട്ടില്ല എന്ന് മനസിലാക്കിയതിൽ നിന്നും ഗുരുതരമായ ക്രിമിനൽ ഗൂഢാലോചന കൂടെയാണ് പുറത്തുവരുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ വ്യക്തിപരമായ താൽപര്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള തന്‍റെ ശുപാർശ അംഗീകാരിക്കാത്തതിലുള്ള പ്രതികാരത്താൽട ദുരൂഹ ലക്ഷ്യത്തോടെ സർക്കാർ സർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ അപമാനിക്കണമെന്നും അദ്ദേഹത്തിന്‍റെ സൽപേരിനും സർവീസിനും കളങ്കമുണ്ടാക്കണമെന്നും എന്ന ഉദ്ദേശത്തോടെ കൃത്യമായ ആസൂത്രണത്തോടുകൂടി നടപ്പിലാക്കിയ ചെയ്‌തികളാണ് അതിദാരുണമായ ഒരു മരണത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തിച്ചത്.