കോഴിക്കോട്: ചെണ്ടയുടെ താളം പതി കാലത്തിൽ തുടങ്ങി ആസുര ഭാവം പൂണ്ട് ഉച്ചസ്ഥായിലെത്തി. പൊട്ടൻ ദൈവത്തിൻ്റെ പ്രതിരൂപം കലാകാരനിലേക്ക് സന്നിവേശിക്കുകയാണ്. മുഖത്ത് മഞ്ഞയും കറുപ്പും ചുവപ്പും കലർന്ന നുറുക്കെഴുത്താണുള്ളത്. കാലിലെ കച്ചമണിക്ക് അരയിലാണ് പൊട്ടൻ തിറയിൽ സ്ഥാനം.
തലയിൽ കവുങ്ങിൻ പാളയിൽ തീർത്ത കൂമ്പയും അതിനുമുകളിൽ കുരുത്തോലയും കൂമ്പയിൽ അരി നുറുക്കും അലങ്കാരമായുണ്ട്. തലയിൽ കൂമ്പ ഉറപ്പിക്കുന്നതോടെ ചെണ്ടയിൽ താളംമുറുകും. ഇനി പൊട്ടൻ ദൈവത്തിന്‍റെ പുറപ്പാടാണ്. എല്ലാം തിരികെ കാണുന്നതാണ് പൊട്ടൻ ദൈവത്തിൻ്റെ പ്രത്യേകതകൾ.
വാചികഭിനയമാണ് മറ്റു തിറകളിൽ നിന്നും പൊട്ടൻ തിറയെ വ്യത്യസ്‌തമാക്കുന്നത്. കൂടാതെ ഈ തിറയിൽ രൗദ്രതയ്ക്ക് പകരം ഹാസ്യത്തിനാണ് പ്രാധാന്യം. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി കാവിലെ തിരുമുറ്റത്താണ് ഇത്തവണയും പൊട്ടൻ തിറ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് അരങ്ങേറിയത്.
അപൂർവ്വം കാവുകളിൽ മാത്രമാണ് പൊട്ടൻ തിറ നടക്കാറുള്ളത്. പൂവാട്ടുപറമ്പ് തിറിയാട്ട കലാസമിതിയിലെ അഭിലാഷ് പെരുവണ്ണാനാണ് ഇത്തവണയും പൊട്ടൻ ദൈവത്തിൻ്റെ പ്രതിരൂപം കെട്ടിയത്. ഭക്തരെ ഏറെ രസിപ്പിച്ചും അവരോട് സംവദിച്ചും അനുഗ്രഹം ചൊരിഞ്ഞുമുള്ള പൊട്ടൻ ദൈവത്തിൻ്റെ തിറയാട്ടം അവസാനിച്ചതോടെ ഇനി വരും വർഷത്തേക്കുള്ള കാത്തിരിപ്പിലാണ് പള്ളിക്കണ്ടി മഹാ കാളികാവിലെ ഭക്തർ.
Also Read: ചുറ്റും ആളിക്കത്തുന്ന പന്തങ്ങൾ: രൗദ്രഭാവത്തിൽ നിറഞ്ഞാടി കുടകിലെ പുതിയ ഭഗവതി തെയ്യം