തൃശൂർ : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച നാല് പേരുടെ പോസ്‌റ്റ്‌മോർട്ടം ഇന്ന് (ജനുവരി 17) തൃശൂർ മെഡിക്കൽ കോളജിൽ നടക്കും. പുഴയുടെ തീരത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം നാല് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ, ഭാര്യ ഷാഹിന, മകൾ പത്ത് വയസുള്ള സെറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസുള്ള ഫുവാദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്നലെ (ജനുവരി 16) വൈകിട്ടായിരുന്നു അപകടം.
കുളിക്കുന്നതിനിടെ കുട്ടികൾ ആദ്യം ഒഴുക്കിൽപ്പെടുകയും ഇവരെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ദമ്പതികളും ഒഴുക്കിൽപ്പെടുകയായിരുന്നു. നാല് പേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടൻ തന്നെ ഫയർ ഫോഴ്‌സിലും വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യം ഷാഹിനയെയാണ് പുറത്തെത്തിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഹുവാദിനെയാണ് കണ്ടെത്തിയത്. ഹുവാദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം കബീറിനെയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒടുവിൽ സെറയേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ചവരുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം മരിച്ചവർക്ക് പരിചിതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
Also Read: അലക്ഷ്യമായി ഇട്ട വൈദ്യുത കേബിളിൽ നിന്നും ഷോക്കേറ്റ് ശബരിമല തീർഥാടകന് ദാരുണാന്ത്യം