ഇടുക്കി: പൂപ്പാറ ടൗണിൽ പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ 56 കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തു. പന്നിയാർ പുഴയുടെ തീരത്തുള്ള കടമുറികളും രണ്ട് ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് പൂട്ടി സീൽ ചെയ്‌തത്. ആളുകൾ താമസിക്കുന്ന 13 കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടില്ല. സബ് കളക്‌ടറുടെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹത്തിന്‍റെ അകംപടിയിലാണ് നടപടികൾ സ്വീകരിച്ചത് ( revenue department cleared encroachments in Pooppara).
പൂപ്പാറ ടൗണിൽ പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ച 56 കെട്ടിടങ്ങൾക്കെതിരെ ആറ് ആഴ്‌ചക്കുള്ളിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞ 17ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി സബ് കളക്‌ടർ അരുൺ എസ്.നായർ, ഭൂരേഖ തഹസിൽദാർ സീമ ജോസഫ്, തഹസിൽദാർ എവി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം രാവിലെ 10ന് പൂപ്പാറയിൽ എത്തി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
മൂന്നാർ ഡിവൈഎസ്‌പി അലക്‌സ് ബേബി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി മധു ബാബു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്‌റ്റേഷനുകളിൽ നിന്നായി നൂറിൽ അധികം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. നടപടികൾ ആരംഭിക്കും മുൻപ് പൂപ്പാറ ഉൾപ്പെടുന്ന ശാന്തൻപാറ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ജില്ലാ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും ഇവിടെ എത്തിയിരുന്നു. ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ച കച്ചവട സ്ഥാപനങ്ങളിൽ കയറി സാധനങ്ങൾ എടുത്തു മാറ്റാൻ സമയം നൽകി.
സംഘർഷാവസ്ഥയും അറസ്‌റ്റും: ഉദ്യോഗസ്ഥർ എത്തിയതോടെ പ്രതിഷേധവുമായി ചില കടയുടമകൾ രംഗത്തുവന്നത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. ഒഴിപ്പിക്കൽ നടപടികൾ ഒരാഴ്‌ച കൂടി നീട്ടണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ റവന്യൂ അധികൃതർ ഇത് പരിഗണിച്ചില്ല. പൂപ്പാറ ടൗണിലുള്ള ഒരു സ്ഥാപനം അടച്ച് പൂട്ടാനുള്ള ശ്രമത്തിനിടെ വ്യാപാരികൾ പ്രതിഷേധിക്കുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തിരുന്നു.
പ്രതിഷേധക്കാരായ ആറുപേരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. ചില വ്യാപാരികൾ കടയിൽ നിന്ന് സ്വമേധയാ സാധനങ്ങൾ നീക്കി. തുടർന്ന് മൂന്നരയോടെ നടപടികൾ അവസാനിപ്പിച്ചു. അപേക്ഷ നൽകിയാൽ അടച്ചുപൂട്ടിയ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിന് വ്യാപാരികൾക്ക് അവസരം നൽകുമെന്ന് അധികൃതർ പറഞ്ഞു.