ഇടുക്കി: പൂപ്പാറ പന്നിയാർ പുഴയിലെ കൈയേറ്റങ്ങൾ (Poopara Panniyar river encroachment) കോടതി ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ ഒഴിപ്പിച്ചതോടെ ദുരിതത്തിലായ നിരവധി കുടുംബങ്ങൾ ഉണ്ട്. തമിഴ്‌നാട്ടിൽ നിന്നും ഉള്ളതെല്ലാം വിറ്റ് 40 വർഷം മുൻപ് പൂപ്പാറയിലെ ചെറിയ കടമുറി വാങ്ങി അതിൽ താമസിച്ച്, കച്ചവടം നടത്തി വന്നിരുന്ന ജാഫർ അലിയും രോഗിയായ ഭാര്യയും ഇന്ന് സങ്കടങ്ങളുടെ അഴക്കടലിലാണ്. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണിനി അവശേഷിക്കുന്നത്.
ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതോടെ എങ്ങനെ ജീവിക്കണം എന്നറിയാതെ ബുദ്ധിമുട്ടുകയാണ് പൂപ്പാറയിലെ കച്ചവടക്കാർ (natives of Poopara in crisis due to encroachment). കടകൾ പൂട്ടി സീൽ ചെയ്‌തതോടെ ലക്ഷങ്ങളുടെ നഷ്‌ടമാണ് ഉണ്ടായത്. ഉള്ള കിടപ്പാടവും കൂടി നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലാണ് പൂപ്പാറ നിവാസികൾ.
വരുമാന മാർഗം നിലച്ചതോടെ ദുരിതത്തിലായ നിരവധി കുടുംബങ്ങളാണ് പൂപ്പാറയിൽ ഉള്ളത്. 40 വർഷം മുൻപ് തമിഴ്‌നാട് ഗൂഡല്ലൂരിൽ നിന്നും ഉണ്ടായിരുന്ന കുടുംബ സ്വത്ത് വിറ്റു കിട്ടിയ പണം നൽകി പൂപ്പറയിലെ ഒരു കൊച്ചു കടമുറി വാങ്ങി കുടിയേറിയതാണ് ജാഫർ അലിയും കുടുംബവും. കടയും വീടും എല്ലാം ഈ കൊച്ചു മുറിയാണ്.
രോഗിയായ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം വ്യാപാരത്തെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. റവന്യു വകുപ്പ് കടകൾ സീൽ ചെയ്‌തതോടെ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണിവർ. വീടും കടമുറിയും ഒന്നായതിനെ തുടർന്ന് ഇവരുടെ കട റവന്യു വകുപ്പ് പൂട്ടി സീൽ ചെയ്‌തില്ല. തത്‌കാലം താമസിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ മുന്നോട്ടുള്ള ജീവിതം ആശങ്കയുടെ നിഴലിലാണ്.
കനത്ത പ്രതിഷേധം മറികടന്ന് പന്നിയാർ പുഴയുടെ തീരത്തെ 46 കടമുറികളും 39 വീടുകളുമാണ് റവന്യു വകുപ്പ് ഒഴിപ്പിച്ചത്. പൂട്ടിയ കടകൾക്ക് മുന്നിൽ സാധനങ്ങൾ നശിച്ചുപോകും മുമ്പ് വിറ്റ് തീർക്കാനുള്ള ശ്രമത്തിലാണ് പലരും.