ഇടുക്കി : ഏറെ വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശമാണ് പൊന്മുടി. അണക്കെട്ടും അണക്കെട്ടിന് താഴ്‌ഭാഗത്തുള്ള ഉരുക്കുകൊണ്ടുള്ള തൂക്കുപാലവും വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതാണ്. ദിവസവും നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടമാണ് പൊന്മുടി തൂക്കുപാലം.
ഇപ്പോൾ തൂക്കുപാലം ബലപ്പെടുത്തി പാലത്തിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകും വിധം ക്രമീകരണമൊരുക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് നാട്ടുകാർ. നിലവില്‍ ഈ പാലത്തിലൂടെ കാല്‍നട യാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മുമ്പ് പാലത്തിലൂടെ ചെറുവാഹനങ്ങള്‍ കടന്ന് പോയിരുന്നു (Ponmudi Hanging Bridge Idukki).
പിന്നീട് പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതോടെ വാഹന ഗതാഗതം നിരോധിക്കുകയായിരുന്നു. ഈ പാലം ബലപ്പെടുത്തി ചെറുവാഹനങ്ങള്‍ കടന്നുപോകും വിധം ക്രമീകരണമൊരുക്കണമെന്നാണ് ആവശ്യം. പൊന്മുടി അണക്കെട്ടിന് മുകളിലൂടെ വാഹന ഗതാഗതം സാധ്യമാണ്.
ദിവസേനെ നിരവധി വാഹനങ്ങള്‍ സഞ്ചാരികളുമായി പൊന്മുടി അണക്കെട്ടിലും പൊന്മുടി തൂക്കുപാലത്തിലും എത്തുന്നുണ്ട്. ഗതാഗതം സാധ്യമല്ലാത്തതിനാല്‍ വാഹനങ്ങള്‍ പാലത്തിന് സമീപം നിര്‍ത്തി ആളുകള്‍ മാത്രമാണിപ്പോള്‍ പാലത്തില്‍ കയറുന്നത്. നവീകരണം നടത്തി പാലം വേണ്ടത്ര ബലപ്പെടുത്തി ചെറു വാഹനങ്ങളുടെ യാത്രക്കായി തുറന്നു നല്‍കിയാല്‍ വിനോദ സഞ്ചാര മേഖലക്ക് സഹായകരമാകും.