കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോസ്ഥർക്കുള്ള ആദ്യ ഘട്ട പരിശീലനം തുടങ്ങി. ഏപ്രിൽ 4,5 തിയതികളിൽ പരിശീലനം തുടരും. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്‌റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്.
രാവിലെ പത്തുമണി മുതൽ ഒരുമണി വരെയും രണ്ടുമണി മുതൽ അഞ്ചുമണി വരെയുമുള്ള രണ്ടു ബാച്ചുകളിലായാണ് പരിശീലനം. 50 ഉദ്യോഗസ്ഥർ വീതമുള്ള ബാച്ചുകളിലായി തിരിച്ച് ഒൻപതു നിയോജകമണ്ഡലങ്ങളിലായിട്ടാണ് പരിശീലനം. കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്ന സിഎംഎസ് കോളജിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ വി വിഗ്‌നേശ്വരി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്‌തു.
ആദ്യ ഘട്ട റാൻഡമൈസേഷനിലൂടെ 9396 ജീവനക്കാരെയാണ് ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. 2349 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്‌റ്റ് പോളിങ് ഓഫീസർമാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്ത 4698 പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം പിന്നീടു നടക്കും.
പോളിങ് ഓഫീസർമാരുടെ ചുമതലകളും കൈകാര്യം ചെയ്യേണ്ട പോളിങ് സാമഗ്രികളും സംബന്ധിച്ചും വോട്ടിങ് മെഷീന്‍റെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥർക്ക് പരിശീലനവേളയിൽ വിശദമായി ക്ലാസുകൾ നടന്നു.