തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിളുകൾ ശേഖരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്.
ബിഹാർ സ്വദേശികളായ അമർദീപ് - റമീന ദേവി ദമ്പതികളുടെ മകളെയാണ് ഫെബ്രുവരി 19ന് പുലർച്ചെ ഒരു മണിയോടെ കാണാതായത്. ഇവർ തന്നെയാണോ കുട്ടിയുടെ മാതാപിതാക്കൾ എന്നുറപ്പിക്കുന്നതിന് വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തുന്നതെന്ന് പേട്ട എസ്എച്ച്ഒ സാബു ബി ഇടിവി ഭാരതിനോട് പറഞ്ഞു. അമർദീപിനോ റമീന ദേവിയ്‌ക്കോ കൃത്യമായ തിരിച്ചറിയൽ രേഖകളോ മേൽവിലാസമോ ഒന്നും തന്നെയില്ല. കുട്ടിയുടെ മാതാപിതാക്കൾ ഇവർ തന്നെയാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട തുടർ നടപടികളോട് കുടുംബം സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കിട്ടിയതിനാൽ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായാണ് വിവരം. ഒരാഴ്‌ചക്കകം ഡിഎൻഎ പരിശോധന ഫലം ലഭിക്കും.
ഇതോടെ പൊലീസിന്‍റെ സംശയങ്ങൾക്കും ഉത്തരം ലഭിക്കും. തുടർ നടപടികളിൽ കുടുംബം താത്പര്യം പ്രകടിപ്പിക്കാത്തതിലും കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാൻ നിർബന്ധം പിടിച്ചതുമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.
അതേസമയം 20 മണിക്കൂറുകളോളം നീണ്ട വ്യാപക തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. 19ന് രാത്രി 7.30ന് ബ്രഹ്മോസിന് സമീപം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകും വഴിയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ വനിത ശിശു വികസന ഡയറക്‌ടറുടെ കാര്യലയത്തിൽ എത്തിക്കുകയും കൗൺസിലിംഗ് നൽകിയ ശേഷം സുരക്ഷിത ഇടത്തേക്ക് മാറ്റുകയും ആയിരുന്നു. കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയതായും കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ചാണിതെന്നും ശിശുക്ഷേമ സമിതി ചെയർ പേഴ്‌സൺ ഷാനിബ പറഞ്ഞു
Also Read: ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി