എറണാകുളം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ നാമനിർദേശം ചെയ്‌ത അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍. സർവകലാശാല ക്യാമ്പസിലും സെനറ്റ് ഹാളിലും അടക്കം പഴുതടച്ച് സുരക്ഷ ഒരുക്കുമെന്നും സർക്കാർ ഉറപ്പു നൽകി. നാളെ (ഫെബ്രുവരി 16) സെനറ്റ് യോഗം നടക്കാനിരിക്കെയാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന്‍റെ നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്‌ത ഏഴ് അംഗങ്ങളാണ് ഹര്‍ജിയുമായ ഹൈക്കോടതിയെ സമീപിച്ചത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘം ഹൈക്കോടതിയില്‍ സമീപിച്ചത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇടതു സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും സംഘം ഹര്‍ജിയില്‍ പറഞ്ഞു.
സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അഭിഭാഷകരായ ആർ.വി ശ്രീജിത്ത്, ടി.സി കൃഷ്‌ണ എന്നിവർ മുഖേന നൽകിയ ഹർജിയിലെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി .കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ സംഭവം വീണ്ടും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. വിസി നിയമന സർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് സെനറ്റ് യോഗം ചേരുക.
സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച കോടതി ഹര്‍ജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘ്‌പരിവാര്‍ അനുകൂലികളെ സര്‍വകലാശാലകളില്‍ തിരുകി കയറ്റുന്നുവെന്ന് ആരോപിച്ചാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി സംസ്ഥാനമൊട്ടാകെ എസ്‌എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവും തുടരുകയാണ്.
ഗവര്‍ണര്‍ക്ക് നേരെ ഇന്നും കരിങ്കൊടി: തൃശൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എസ്‌എഫ്‌ഐയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ്, സിആര്‍പിഎഫ് സുരക്ഷ മറികടന്നാണ് സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗവര്‍ണര്‍ എങ്ങണ്ടിയൂരില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകരെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ ഇരു സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ 14 എസ്‌എഫ്‌ഐക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയും (ഫെബ്രുവരി 14) ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആരോഗ്യ സര്‍വകലാശാല ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു പ്രതിഷേധം. സംഭവത്തിന് പിന്നാലെ 43 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.