കോഴിക്കോട്: കല്ലായി സെക്ഷൻ കെഎസ്ഇബി പരിധിയിൽ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചു മാറ്റുകയും വൈദ്യുതി വിതരണം ഓഫാക്കുകയും ചെയ്‌ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കെഎസ്ഇബി ജീവനക്കാർ ശേഖരിച്ച് പന്നിയങ്കര പൊലീസിന് കൈമാറിയതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
മാനാരി ബൈപ്പാസ് ഭാഗത്ത് രണ്ട് പേർ ട്രാൻസ്ഫോർമറിന് സമീപത്ത് നിന്ന് താഴേക്ക് ഇറങ്ങുന്നതായും മറ്റൊരാൾ ബൈക്കിന് അടുത്തേക്ക് നടന്ന് പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ട്രാൻസ്ഫോർമറുകളെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണ് സംഭവത്തിന് പിന്നിൽ എന്നാണ് കെഎസ്ഇബി കരുതുന്നത്.
ഫ്യൂസ് കട്ട് ചെയ്യുകയും പ്രസരണനിയന്ത്രണ സംവിധാനമായ ആർഎംയു ഓഫ് ചെയ്യുകയും ചെയ്‌തതോടെ പതിനഞ്ച് ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചു. കൂടാതെ നാല് ആർഎംയു ഓഫ് ചെയ്യുകയും ചെയ്‌തു. ഒരു ആർഎംയു ഓഫ് ചെയ്‌താൽ അതിന് കീഴിലുള്ള നാലോ അഞ്ചോ ട്രാൻസ്ഫോർമറുകളിൽ ഉള്ള വൈദ്യുതി ബന്ധം നിലയ്ക്കും.
ഫറോക്ക് കെഎസ്ഇബി ഡിവിഷന് കീഴിലെ കല്ലായി സെക്ഷൻ പരിധിയിലെ ഒട്ടേറെ പ്രദേശങ്ങളിലാണ് ഇങ്ങനെ വൈദ്യുതി ബന്ധം നിലച്ചത്. വൈദ്യുതി ബന്ധം നിലച്ചതോടെ കല്ലായി കെഎസ്ഇബി ഓഫീസിൽ നിരവധി ഫോൺ കോളുകൾ വരുകയും ചെയ്‌തു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ അതത് സ്ഥലങ്ങളിൽ പോയ ലൈൻമാൻമാരുടെ പരിശോധനയിലാണ് ദുരൂഹതമനസിലായത്. ഇതോടെയാണ് കെഎസ്ഇബി പന്നിയങ്കര പൊലീസിൽ പരാതി നൽകിയത്.
Also Read: ട്രാൻസ്ഫോമർ ഫ്യൂസ് മുറിച്ചു; ആർഎംയു ഓഫ് ചെയ്‌തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം