കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിൽ പ്ലൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ഇന്നലെ (നവംബർ 22) രാത്രി 8.30ഓടെയാണ് ഹൊസങ്കടി ബേക്കറി ജങ്ഷനിലെ ഫാറൂഖ് സോമിൽ പ്ലൈവുഡ് ഫാക്‌ടറിക്ക് തീപിടിച്ചത്. നാല് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ എത്തിച്ച് രാത്രി വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഷോട്ട് സർക്യൂട്ടാകാം തീപിടിത്തതിനുള്ള കാരണമെന്നാണ് സംശയിക്കുന്നത്. കോടികളുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫാക്‌ടറിക്ക് ചുറ്റുമുള്ള ഒരു നാട് മുഴുവൻ കറുത്ത പുക നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉപ്പളയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സാണ് ആദ്യം സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമിച്ചത്. തീ നിയന്ത്രണവിധേയമാകാത്തതുകൊണ്ട് കാഞ്ഞങ്ങാട്, കാസർകോട്, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തിക്കുകയായിരുന്നു.