കോഴിക്കോട് : എസ്എസ്എല്‍സി ഫലം പുറത്ത് വന്നതോടെ പതിവ് പോലെ പ്ലസ് വൺ സീറ്റ് വിവാദത്തിനും തുടക്കമായി. മലബാറിൽ വിശേഷിച്ചും, മലപ്പുറത്താണ് ഈ തവണയും പ്രതിസന്ധി രൂക്ഷമായത്. മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79,730 ആണ്. അലോട്ട്മെന്‍റിന് പരിഗണിക്കുന്ന സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 59,690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്.
ഇനി മലബാറിലെ ആറു ജില്ലകളിലെ കണക്കെടുത്താൽ പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർഥികള്‍ക്ക് നിലവിൽ സീറ്റില്ല. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്.
അതേസമയം തെക്കൻ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്‌ഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു.
നിലവിൽ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റും എയ്‌ഡഡ് സ്‌കൂളില്‍ 20 ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക.
എന്നാൽ ഇത് കൊണ്ടൊന്നും പരിഹാരമാകില്ല. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമസ്‌തയുടെ വിദ്യാർഥി സംഘടന എസ്‌കെഎസ്‌എസ്‌എഫ് സമരം പ്രഖ്യാപിച്ച് കഴിഞ്ഞു. മാർജിനല്‍ സീറ്റ് വർധനയിലൂടെ കുട്ടികളെ ക്ലാസുകളില്‍ കുത്തിനിറക്കുകയാണെന്നും ഇത് മലബാറിലെ വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നും സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.