എറണാകുളം: മാസപ്പടി കേസിൽ ഇഡിയ്‌ക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥരും ശശിധരൻ കർത്തയും നൽകിയ ഉപഹർജി ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ചോദ്യം ചെയ്യലിന്‍റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആരോപണം. മാസപ്പടിക്കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥരും എംഡി ശശിധരൻ കർത്തയുമാണ് ഹൈക്കോടതിയിൽ ഉപഹർജി നൽകിയത്.
ഇഡിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഇന്ന് രാവിലെ സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി.
ചോദ്യം ചെയ്യലിന്‍റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആരോപണം. വനിതാ ജീവനക്കാരിയെ ഇരുപത്തിനാല് മണിക്കൂറിനു ശേഷവും നിയമവിരുദ്ധമായി കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്‌തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ നിർദേശം നൽകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
എന്നാൽ ഉദ്യോഗസ്ഥരെ വിട്ടയച്ചതായും, തടങ്കലിൽ ആക്കിയിരുന്നില്ല, ചോദ്യം ചെയ്‌തതാണെന്നുമായിരുന്നു ഇഡിയുടെ മറുപടി. അതേ സമയം സൂര്യാസ്‌തമനത്തിനു ശേഷവും ചോദ്യം ചെയ്‌തത് എന്തിനെന്നായിരുന്നു സിഎംആർഎൽ ജീവനക്കാർ മുന്നോട്ടു വച്ച ചോദ്യം. സിഎംആർഎൽ ജീവനക്കാരുടെ ഹർജിയ്ക്ക് അടിയന്തര പ്രാധാന്യം നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്.
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഉപഹർജി നൽകിയത്. ഹർജിയിൽ ഇഡിയുടെ മറുപടി ആവശ്യപ്പെട്ട ഹൈക്കോടതി വിഷയം വെള്ളിയാഴ്‌ചത്തേക്ക് മാറ്റി.
ഇന്നലെ 11 മണിക്ക് സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യാനാരംഭിച്ച ഇഡി ഇന്ന് രാവിലെ 11 മണിയ്ക്കാണ് ഇവരെ വിട്ടയച്ചത്. ഇഡി രണ്ട് തവണ സമൻസ് അയച്ചെങ്കിലും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹാജരായിരുന്നില്ല.
ALSO READ: മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാതെ ശശിധരൻ കർത്ത