തിരുവനന്തപുരം: ഗവർണറുടേത് നിയമസഭയെ തന്നെ അപമാനിക്കുന്ന നടപടിയായിരുന്നുവെന്നും ഗവർണർ വരുന്നതും വാണംവിട്ട പോലെ പോകുന്നതുമാണ് കണ്ടതെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty Criticise Governor). വളരെ സർപ്രൈസായി ഇരിക്കുകയാണ്. എല്ലാം 5 മിനിറ്റ് കൊണ്ട് കഴിഞ്ഞു. പോകുമ്പോ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി വണങ്ങുന്ന ഒരു പരിപാടി ഉണ്ട്. ഞങ്ങളൊക്കെ അങ്ങോട്ട് വണങ്ങാൻ തയാറായി ഇരിക്കുകയായിരുന്നു. തിരിഞ്ഞുപോലും നോക്കിയില്ല. ഒറ്റപ്പോക്കായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാം കൂടി അസംബ്ലി ഒരു മോക്രി ആക്കി അവസാനിപ്പിച്ചു. അത് വാസ്‌തവത്തിൽ നിയമസഭയെ തന്നെ അപമാനിക്കുന്ന നടപടിയായിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസോ ഇവിടെ കേരളത്തിൽ ഞങ്ങളോ ഗവർണർമാരുടെ ഇത്തരം നടപടികളെ അനുഭവിച്ചിട്ടില്ല. ഇപ്പോൾ തമിഴ്‌നാട്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിൽ എല്ലാം ഗവർണർമാർ ഈ നിലയിലാണ് പെരുമാറുന്നത്. കേരളത്തിൽ ഇത്തരമൊരു സ്ഥിതി വന്നതിൽ സർക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. ഇത്തരമൊരു സ്ഥിതി വരാൻ പാടില്ല. ഏറ്റവും വലിയ അപമാനം സർക്കാരിനാണ്. അത് അവർ തന്നെ ഉണ്ടാക്കി വെച്ചതാണ്. ഗവർണറുടെ പ്രസംഗം, ബജറ്റ്, അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഇതൊക്കെ ചടങ്ങായി നടക്കുന്നു എന്നല്ലാതെ കാര്യങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല എന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്.
അത്യാവശ്യ കാര്യങ്ങൾ പോലും മുടങ്ങി കിടക്കുന്നു. ഗവർണർ കാണിച്ചത് പ്രസംഗിച്ചിട്ട് എന്ത് കാര്യമെന്നുള്ള ഭാവമാണ്. കേരളത്തിൽ ഒരു കര്യങ്ങളും പ്രഖ്യാപനങ്ങൾ അല്ലാതെ നടക്കുന്നില്ല. ഇന്ന് നടന്നിരിക്കുന്നത് വല്ലാത്ത സംഭവമായി. ഈ നയപ്രഖ്യാപന പ്രസംഗത്തിൽ ഒന്നും ഇല്ല എന്നാണ് മൊത്തത്തിൽ നോക്കുമ്പോൾ മനസിലാക്കുന്നത്. വളരെ ശക്തമായ പ്രതിഷേധം ഈ നടപടികളോട് പ്രതിപക്ഷത്തിന് ഉണ്ട്. ആകെ മോശമായ സ്ഥിതി വിശേഷമാണുള്ളത്. ഗവർണറുടെ പ്രസംഗം അതിലേക്കൊരു ചൂണ്ടുപലകയായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.