തിരുവനന്തപുരം: ലേബര്‍ ക്യാമ്പിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈറ്റ് യാത്രയ്‌ക്ക് ആരോഗ്യമന്ത്രി വീണ ജോർജിന് അനുമതി ലഭിക്കാത്ത സംഭവത്തില്‍ അതൃപ്‌തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുമതി നിഷേധിക്കുന്നത് സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങൾക്ക് എതിരാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കാൻ വിദേശകാര്യ മന്ത്രാലയത്തെ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
പൊളിറ്റിക്കൽ ക്ലിയറൻസിനായുള്ള വീണ ജോർജിന്‍റെ അഭ്യർഥനയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാതെയിരുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അതിനാൽ കുവൈറ്റിൽ തീപിടിത്തത്തിന് ഇരയായവരുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വീണയ്‌ക്ക് പോകാനായില്ല. കുവൈറ്റിൽ വീണ പോയിരുന്നെങ്കിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായും ഉദ്യോഗസ്ഥരുടെ സംഘവുമായും എംബസിയുമായും ബന്ധപ്പെടാനാകുമായിരുന്നു.
ദുരന്തസമയത്ത് വിവാദമുണ്ടാക്കുകയല്ല ഉദ്ദേശമെന്നും, എന്നാൽ പൊളിറ്റിക്കൽ ക്ലിയറൻസ് അഭ്യഥനയ്‌ക്ക് മറുപടി ലഭിക്കാത്തത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന്‍റെ കടമയിൽ വീഴ്‌ച വരുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
2023 ഫെബ്രുവരി 28 ലെ കാബിനറ്റ് സെക്രട്ടേറിയറ്റിൻ്റെ ഓഫിസ് മെമ്മോറാണ്ടം പ്രകാരമാണ് പൊളിറ്റിക്കൽ ക്ലിയറൻസ് ആവശ്യപ്പെട്ടത്. ഇത്തരം നിർബന്ധിത സാഹചര്യങ്ങളിൽ അഭ്യഥന പരിഗണിക്കാത്തത് സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്. രാജ്യത്തെ ജനങ്ങൾ ദുരന്തത്തിനിടയാവുമ്പോൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ പങ്കുണ്ട്.
അത്തരം സാഹചര്യങ്ങളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകുന്നതിൽ രാഷ്ട്രീയമായ പക്ഷപാതമോ മറ്റ് പരിഗണനകളോ തടസമാകരുതെന്നും പിണറായി വിജയൻ വ്യക്തമാക്കി. സഹകരണ ഫെഡറലിസത്തിന് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി ഭാവിയിൽ ഇത്തരം അഭ്യർഥനകളോട് പ്രതികരിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ വിദേശകാര്യ മന്ത്രാലയത്തെ ഉപദേശിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.