കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനും കൂടിക്കാഴ്‌ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടുകെട്ടുകളില്‍ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇപി ജയരാജന്‍റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ. എല്ലാ ആളുകളുമായും സുഹൃദ്‌ബന്ധം വയ്‌ക്കുന്ന വ്യക്തിയാണ് ജയരാജൻ. സാധാരണ നമ്മുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ? പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും, ഈ കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
ജയരാജൻ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്ന കാര്യം നേരത്തെ തന്നെ അനുഭവമുള്ളതാണ്. ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സമയത്ത് തന്നെ ഒരു പൊതുപരിപാടിയിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ നിങ്ങൾ പരമാവധി ശ്രമം നടത്തുകയാണല്ലേ നമുക്ക് കാണാം എന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പിണറായി ആർസി അമല ബേസിക് യുപി സ്‌കൂളിലെ 161 നമ്പർ ബൂത്തിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. രാവിലെയോടെ പോളിങ് ബൂത്തിലെത്തിയ അദ്ദേഹം 15 ഓളം ആളുകൾക്ക് പിറകിൽ ആയി ക്യു നിന്നായിരുന്നു തന്‍റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.