തിരുവനന്തപുരം : അരുമമൃഗങ്ങളെ വളർത്താൻ ഏറെ ഇഷ്‌ടമുള്ളവരാണ് മിക്കവരും. പല വീടുകളിലും അരുമമൃഗങ്ങളെ വളർത്തുന്നുമുണ്ട്. വ്യത്യസ്‌ത തരത്തിലുള്ള നായകളെ ആളുകൾ വീട്ടിൽ വളർത്താറുണ്ട്. കുടുംബാംഗമെന്ന പോലെ ഒപ്പം കൂടുന്ന അരുമനായ്ക്കളിൽ നിന്നും പ്രധാനമായി നേരിടുന്ന ബുദ്ധിമുട്ട് അവയുടെ രോമം കൊഴിച്ചിലാണ്.
ജനപ്രിയ ഡോഗ് ബ്രീഡുകളായ പോമറേനിയന്‍, സ്‌പിറ്റ്‌സ് തുടങ്ങിയ ഇനം നായ്ക്കളുടെ പ്രധാന പ്രശ്‌നമാണ് രോമം കൊഴിയല്‍. കിടക്കയിലും ഭക്ഷണത്തിലേക്കും വരെ തങ്ങളുടെ അരുമമൃഗങ്ങളുടെ രോമം കാണുമ്പോള്‍ നെറ്റിചുളിക്കുന്നവരാണ് പലരും. ഇതോട് കൂടി വീടനകത്ത് നിന്നും നായ്ക്കളെ പുറത്താക്കുന്നവരുമുണ്ട്. പെട്ടെന്നുള്ള ഈ മാറ്റം അവരുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കുകയും മറ്റ് പല അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തിരുവനന്തപുരം കെ എന്‍ കെന്നല്‍ എന്ന നായ പരിപാലന സ്ഥാപനയുടമ അരുണ്‍ പറയുന്നു.
കൗതുകത്തിന്‍റെ പുറത്താണ് പലരും നായ്ക്കളെ വാങ്ങുക. പിന്നീട് ഇത്തരം ബുദ്ധിമുട്ടുകള്‍ വരുന്നതോടെ നായ്ക്കള്‍ ബാധ്യതയാകാന്‍ പാടില്ല. ഇതു തിരിച്ചറിഞ്ഞ് ആദ്യം തന്നെ നായ്ക്കളെ വളര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കണം.
നായകളുടെ ഗ്രൂമിങ് എപ്പോൾ ?: ധാരാളം രോമങ്ങളുള്ള ബ്രിഡുകള്‍ വളര്‍ത്തുമ്പോള്‍ മാസത്തിലൊരിക്കലെങ്കിലും ഗ്രൂമിങ് അത്യാവശ്യമാണ്. സ്വന്തമായോ പ്രൊഫഷണല്‍ സ്ഥാപനങ്ങളെയോ ഇതിനായ ആശ്രയിക്കാം. എല്ലാ ദിവസവും നായ്ക്കളെ കുളിപ്പിക്കാന്‍ പാടില്ല.
പത്ത് ദിവസത്തിലൊക്കലായാല്‍ അത്രയും നല്ലത്. എല്ലാ ദിവസവും ബ്രഷിങ് ശീലമാക്കുക. ഇതു നായ്ക്കളുടെ ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പഴയ രോമങ്ങള്‍ മാറി പുതിയത് വരാനും സഹായിക്കും. പ്രൊഫഷണല്‍ ഗ്രൂമിങ് സ്ഥാപനത്തിലേക്ക് പലപ്പോഴു കൊണ്ടു പോകാനായെന്ന് വരില്ല.
ഈ സാഹചര്യത്തില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള ബ്രഷുകളും മൈല്‍ഡ് ഡോഗ് ഷാംപുകളും വീട്ടില്‍ കരുതാം. മനുഷ്യര്‍ ഉപയോഗിക്കുന്ന സോപ്പും ഷാംപുവും പലരും നായ്ക്കളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതു നായ്ക്കള്‍ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പലപ്പോഴും നായ്ക്കള്‍ ബ്രഷ് ചെയ്യുന്നതിനും കുളിപ്പിക്കുന്നതിനും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്.
കുഞ്ഞുനാള്‍ മുതല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നാം ബലംപ്രയോഗിക്കുന്നതാണ് അവരുടെ എതിര്‍പ്പിന് പ്രധാന കാരണം. അവരോട് സമയം ചെലവിട്ട് കുളിപ്പിക്കലും ബ്രഷ് ചെയ്യലും ശീലമാക്കുന്നത് എതിർപ്പ് കുറയ്ക്കാൻ സഹായിക്കും. തന്നെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് യജമാനന്‍ തന്നെ പിടിക്കുന്നതെന്ന ധാരണയിലാണ് നായ്ക്കള്‍ വഴങ്ങാതിരിക്കുന്നത്.
എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നായ്ക്കളെ കെട്ടിയിട്ട് ഹോസ് ഉപയോഗിച്ച് വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്നു. നായ്ക്കളുടെ ചെവിയിലും ശ്വാസകോശത്തിലും വെള്ളമിറങ്ങുന്നതിന് ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകും. പൈപ്പ് തുറന്ന് വെള്ളം കുടിപ്പിച്ച് ശീലിപ്പിക്കുന്നതും അകടകരമായ പ്രവണതയാണ്. ഇതും ശ്വാസകോശത്തില്‍ വെള്ളം കയറി ഇന്‍ഫക്ഷനാകാന്‍ കാരണമാകും.
നഖം മുറിക്കുന്നത് എങ്ങനെ ? നായ്ക്കളുടെ നെയ്ല്‍ കട്ടര്‍ ഉപയോഗിച്ച് മാത്രമേ അവയുടെ നഖം വെട്ടാന്‍ പാടുള്ളു. നായ്ക്കളുടെ നഖം ശരീരവുമായി ചേര്‍ന്നിരിക്കുന്നു. അത് കൊണ്ട് തന്നെ മനുഷ്യരുപയോഗിക്കുന്ന നഖം വെട്ടി ഉപയോഗിച്ചാല്‍ ചോര വരാന്‍ സാധ്യതയുണ്ട്. വേദനിച്ചാല്‍ പിന്നീട് ഒരിക്കലും അവർ നഖം വെട്ടാന്‍ അനുവദിക്കില്ല.
ബ്രഷിങ് എപ്പോൾ ?
കുളിപ്പിച്ച ശേഷം പൂര്‍ണമായും ജലാംശം നായയുടെ ശരീരത്തില്‍ നിന്നും മാറിയതിന് ശേഷം മാത്രമേ ബ്രഷിങ് ചെയ്യാന്‍ പാടുള്ളു. ഇഴയടുപ്പം കൂടിയ ബ്രഷ് ഉപയോഗിച്ച് വേണം ആദ്യം ബ്രഷ് ചെയ്യാന്‍. ശേഷം ഡ്രൈയര്‍ ഉപയോഗിച്ചും രോമാവശിഷ്‌ടങ്ങള്‍ ഒഴിവാക്കാം. ശേഷം വലിയ ഇഴയടുപ്പമുള്ള ബ്രഷ് ഉപയോഗിച്ച് രോമങ്ങള്‍ ചീകിയൊതുക്കാം.
ഹെയർ കട്ടിങ് ?
മാസത്തിലൊരിക്കല്‍ കട്ടിങ് നിര്‍ബന്ധമാണ്. സ്വന്തമായി കട്ട് ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ അതിലും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. മുതുകിലും വയറിലും കാണുന്ന വലിയ രോമങ്ങള്‍ മാത്രം വെട്ടിയൊതുക്കിയാല്‍ മതിയാകില്ല. കാല്‍, പിന്‍ഭാഗം, വളരെ ശ്രദ്ധയോടെ വാല്‍, ചെവിയുടെ പിന്‍ഭാഗം, കഴുത്ത്, കണ്ണിന് മുകളിലെ രോമങ്ങള്‍, തുടങ്ങിയവ ഉറപ്പായും വെട്ടിമാറ്റണം. തുടര്‍ന്ന് ബ്രഷ് ചെയ്‌ത ശേഷം മാത്രമേ ഡ്രയര്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യാന്‍ പാടുള്ളു. നായകള്‍ക്കായുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ഇതിന് ശേഷം പുരട്ടാം.
ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കാരണം അവരുടെ ശരീരത്തില്‍ മുറിവുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പുലർത്തണം. സമയവും സന്ദര്‍ഭവും സാഹചര്യവും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നായ അടക്കമുള്ള അരുമകളെ സ്വന്തമാക്കാന്‍ മുതിരാവു. പെട്ടെന്നുള്ള കൗതുകം അവസാനിച്ച ശേഷം തെരുവില്‍ ഉപേക്ഷിക്കാനോ ഒഴിവാക്കാനോ ശ്രമിക്കാതിരിക്കുക.
ജീവനാണെന്ന പരിഗണന നല്‍കുക. അരുമകളെ ഒഴിവാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ദത്തെടുക്കാന്‍ നിരവധി സന്നദ്ധ സംഘടനകളും കേരളത്തില്‍ സജീവമാണ്. പലപ്പോഴും കുട്ടികളുടെ നിര്‍ബന്ധപ്രകാരമാകും വീട്ടിലേക്ക് നായകുട്ടി കൂട്ടായി എത്തുക. പിന്നീട് ബാധ്യതയാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ സുരക്ഷിത കൈകളിലേക്ക് തന്നെ കൈമാറണം.