കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര നൊച്ചാട് അനു എന്ന യുവതിയെ തോട്ടിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പേരാമ്പ്ര പൊലീസ് പിടികൂടിയത്. ജനൽച്ചില്ല് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും ഒടുവിൽ സാഹസികമായി പിടിക്കുകയായിരുന്നു.
അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാൻ കൊടും കുറ്റവാളിയാണെന്നും പൊലീസ് കണ്ടെത്തി. 55 ഓളം കേസിലെ പ്രതിയാണിയാൾ. കാസർകോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (11-03-2024) അനുവിനെ കാണാതാകുന്നത്. ഭർത്താവിനേയും കൂട്ടി ആശുിപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് വഴിയില്‍ വച്ച് കാണുകയും ബൈക്കില്‍ ലിഫ്‌റ്റ് നല്‍കിയ ശേഷം ആളൊഴിഞ്ഞ വഴിയിൽ വച്ച് അനുവിന്‍റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിന്‍റെ ഇടയില്‍ അവരെ കൊലപ്പെടുത്തുകയുമായിരുന്നു.
കുപ്രസിദ്ധ വാഹനമോഷ്‌ടാവ് വീരപ്പൻ റഹീമിന്‍റെ കൂടെയായിരുന്നു മുജീബ് ഏറെക്കാലം നിന്നിരുന്നത്. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.
ഇത്രയധികം കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണ് മുജീബ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. തെളിവുകൾ ഇല്ലാത്തതിന്‍റെ പേരിലാണ് പല കേസുകളിൽ നിന്നും മുജീബ് നിഷ്‌പ്രയാസം ഊരിവന്നത്. എന്നാൽ ഈ കേസോടെ മുജീബിനെ എന്നന്നേക്കുമായി പൂട്ടുമെന്നാണ് പൊലീസ് പറയുന്നത്.
ALSO READ : അനുവിന്‍റെ കൊലപാതകം: മുജീബ് റഹ്‌മാൻ കൊടുംകുറ്റവാളി; 55 ല്‍ അധികം ക്രിമിനല്‍ കേസുകൾ