കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. ഈ മാസം 30ന് കോടതി കേസ് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്.
മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ അറസ്‌റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടിയത്.
BNS 196, BNS 299, KP Act 120 (O) എന്നീ വകുപ്പുകൾ ചുമത്തിയാണ് പിസി ജോർജിനെതിരായ എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. പിസി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഒടുവിൽ കേസെടുത്തത്.
പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യൂത്ത് ലീഗ്, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി എന്നിവരുടെയടക്കം ഏഴ് പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ക്ഷമാപണം നടത്തി കേസിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. മുസ്‌ലീം വിഭാഗക്കാർ മുഴുവൻ വർഗീയവാദികളാണ്. എല്ലാവരും പാകിസ്ഥാനിലേക്കും പോകണമെന്നുമായിയിരുന്നു പിസിയുടെ വിവാദ പരാമർശം.
ഈരാറ്റുപേട്ടയിൽ മുസ്‌ലീം വർഗീയ ശക്തികൾ പ്രവർത്തിച്ചാണ് തന്നെ തോൽപ്പിച്ചത്. പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ കുഞ്ഞാലികുട്ടി, കെടി ജലീൽ, ജമാഅത്തെ ഇസ്‌ലാമി, എസ്‌ഡിപിഐ എന്നിവർ ഒത്തുചേർന്നെന്നും പിസി ആരോപിച്ചിരുന്നു.
ഇതിനിടെ ഫേസ്ബുക്ക് പോസ്‌റ്റുമായി പിസി ജോർജ് രംഗത്തുവന്നു. 'ചാനൽ ചർച്ചയിലെ പ്രകോപനത്തിന്‍റെ ബാക്കിയായി ഞാൻ പറഞ്ഞ തെറ്റിന് മാന്യമായി ക്ഷമ ചോദിച്ചു. ആ പോസ്‌റ്റിന്‍റെ കീഴിൽ വന്നു തെറി പറയുന്ന മറ്റവന്മാരെ തന്നെയാണ് ഞാൻ തീവ്രവാദികൾ എന്ന് പറഞ്ഞത്' എന്നും പിസി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.