പത്തനംതിട്ട: മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിന്‍റെ തോല്‍വിക്ക് പിന്നാലെ പരസ്യ പ്രതിഷേധം നടത്തി സിപിഎം ഏരിയ കമ്മിറ്റി അംഗം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസാണ് തന്‍റെ ഫേസ്ബുക്കിൽ പ്രതിഷേധ പോസ്‌റ്റിട്ടത്. 'വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ' എന്ന കുറിപ്പിനൊപ്പം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎ യുമായ രാജു എബ്രഹാമിന്‍റെ ചിത്രവും വച്ചായിരുന്നു പോസ്റ്റ്.
എന്നാൽ സംഭവം വാർത്തയായി വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കി. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടങ്ങളിൽ തന്നെ സ്ഥാനാർഥി ലിസ്റ്റിൽ രാജു എബ്രഹാമിന്‍റെ പേരും ഉയർന്നു വന്നിരുന്നു. നാട്ടുകാരനായ രാജു എബ്രഹാമിന് സീറ്റ് നല്‍കാത്തത്തിൽ ഒരു വിഭാഗത്തിന് അതൃപ്‌തി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
ഇത് ശരി വയ്ക്കുന്ന തരത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് ശേഷം ഇപ്പോൾ പരസ്യ പ്രതിഷേധങ്ങൾ ഉയരുന്നത്. പത്തനംതിട്ടയില്‍ 3,67,623 വോട്ടുകൾ നേടി 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍ററണി വിജയിച്ചപ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക് 3,01,504 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തേക്ക് പോയി. മൂന്നാം സ്ഥാനത്തെത്തിയ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണിക്ക് 2,34,406 വോട്ടുകളാണ് നേടാനായത്.
Also Read: കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ; എംപിമാരെ പറ്റി വിശദമായി അറിയാം